പെരിങ്ങോട്ടുകര വ്യാജ പീഡനക്കേസ്: രണ്ടു പ്രതികള്‍ കൊച്ചിയില്‍ പിടിയില്‍
1592583
Thursday, September 18, 2025 4:48 AM IST
കൊച്ചി: പെരിങ്ങോട്ടുകര ദേവസ്ഥാനവുമായി ബന്ധപ്പെട്ട വ്യാജ പീഡനക്കേസില്‍ രണ്ടു പ്രതികള്‍ പിടിയില്‍. കേസില്‍ പ്രതികളായ ശ്രീരാഗ് കാനാടി, സ്വാമിനാഥന് കാനാടി എന്നിവരാണ് ബാനസവാടി എസിപി ഉമാശങ്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കൊച്ചി വരാപ്പുഴയിലെ അപ്പാര്‍ട്ട്മെന്റില്‍ അറസ്റ്റ് ചെയ്തത്.
ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു. കേസിലെ മറ്റൊരു പ്രതി പ്രവീണ്‍ കാനാടി ഇപ്പോഴും ഒളിവിലാണ്.
പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രിക്കും മരുമകന് ടി.എ.അരുണിനും എതിരെ ഉന്നയിച്ച പീഡന പരാതിക്ക് പിന്നില്‍ ഹണി ട്രാപ്പാണെന്ന് നേരത്തെ കര്‍ണാടക പോലീസ് കണ്ടെത്തിയിരുന്നു.
ഈ കേസില്‍ സ്ത്രീകളടക്കം അഞ്ചുപേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹണി ട്രാപ്പില്‍ കോടികളുടെ പണമിടപാട് ഇതുമായി ബന്ധപ്പെട്ട് നടന്നുവെന്നും പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ കേസിലാണ് പ്രവീണിനെ ഒന്നാം പ്രതിയാക്കി ബംഗളൂരു പോലീസ് കേസെടുത്തത്.