റോഡ് നിർമാണത്തിലെ അപാകത : അങ്കമാലിയിൽ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു
1592586
Thursday, September 18, 2025 4:48 AM IST
അങ്കമാലി: നഗരസഭയ്ക്കും വ്യാപാരഭവനും ഇടയ്ക്കുള്ള പൊതുറോഡിന്റെ നിർമാണത്തിലെ അപാകതയും മറ്റു പോരായ്മകളും ഉന്നയിച്ചുകൊണ്ട് നൽകിയ പരാതിക്ക് നടപടി എടുക്കാത്തതിനെ തുടർന്ന് ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു.
ഗതാഗതക്കുരുക്കിനാൽ വീർപ്പുമുട്ടുന്ന അങ്കമാലി പട്ടണത്തിൽ കെ എസ് ആർ ടി സി ബസ്റ്റാൻഡിൽ നിന്നും ടി ബി ജംഗ്ഷനിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഏകമാർഗമാണ് നഗരസഭാ കെട്ടിടത്തിനു മുൻപിലൂടെയും വ്യാപാരഭവൻ കെട്ടിടത്തിന്റെ ഇടയിലൂടെയും കടന്നുപോകുന്ന ഈ റോഡ്.
എന്നാൽ റോഡിന്റെ ഒരു വശം വളരെ വീതി കൂടുതലും നഗരസഭ കെട്ടിടത്തിനു മുൻവശം വീതി തീരെ കുറഞ്ഞ സാഹചര്യവുമാണ്. ഈ റോഡിന്റെ വീതികൂട്ടി പ്രശ്നം പരിഹരിക്കണമെന്ന് അഭിപ്രായമുണ്ടെങ്കിലും ഭരണപക്ഷത്തെ ഏതാനും കൗൺസിലർമാരുടെ പിടിവാശിയാണ് ഇതിന് തടസമായി നിൽക്കുന്നതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. നഗരസഭയും വ്യാപാരഭവനും ഇക്കാര്യത്തിലുള്ള പിടിവാശി അവസാനിപ്പിച്ച് അങ്കമാലി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് ബി ജെപി ഉന്നയിക്കുന്ന ആവശ്യം.
അടുത്ത ദിവസം തന്നെ വ്യാപാരഭവനും മുനിസിപ്പൽ അധികൃതരുമായി ചർച്ച നടത്തി പ്രശ്നം രമ്യമായി പരിഹരിക്കാമെന്ന് സെക്രട്ടറിയുടെയും എക്സിക്യൂട്ടീവ് എൻജിനീയറുടെയും ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്.
ബിജെപി ജില്ലാ സെക്രട്ടറി എൻ. മനോജ്, മണ്ഡലം പ്രസിഡന്റ് രാഹുൽ പാറക്കടവ്, നഗരസഭ കൗൺസിലർമാരായ എ.വി. രഘു, സന്ദീപ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.