വാഹനാപകടം; കുട്ടമ്പുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി.ജെ. എല്‍ദോസ് അന്തരിച്ചു
1592563
Thursday, September 18, 2025 4:21 AM IST
കോതമംഗലം: വാഹനാപകടത്തില്‍ ഗുരുതര പരിക്ക േറ്റ് ചികിത്സയിലായിരുന്ന കുട്ടമ്പുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കീരംപാറ ഊഞ്ഞാപ്പാറ ചെങ്ങമനാട്ട് സി.ജെ.എല്‍ദോസ് (69) അന്തരിച്ചു. കോഴിപ്പിള്ളി-മലയിന്‍കീഴ് ബൈപാസ് റോഡില്‍ തിങ്കളാഴ്ചയുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിലിരിക്കെ ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്.
എല്‍ദോസ് സഞ്ചരിച്ച ബൈക്കിന് പിന്നില്‍ സ്വകാര്യ ബസ് ഇടിച്ചായിരുന്നു അപകടം. കോണ്‍ഗ്രസ് കവളങ്ങാട് ബ്ലോക്ക് കമ്മറ്റി വൈസ് പ്രസിഡന്റ്, വീക്ഷണം കവളങ്ങാട് പ്രാദേശിക ലേഖകൻ, ഐഎന്‍ടിയുസി താലൂക്ക് റീജണല്‍ കമ്മറ്റി വൈസ് പ്രസിഡന്റ്, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം, സേവാദള്‍ ജില്ലാ വൈസ് പ്രസിഡന്റ്, എന്റെ നാട് ഹൈപവര്‍ കമ്മിറ്റി അംഗം, എല്‍ഐസി ഏജന്റ്, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
സംസ്കാരം ഇന്ന് 10ന് ഊഞ്ഞാപ്പാറയിലെ ശുശ്രൂഷയ്ക്കുശേഷം കുറ്റിയാംചാല്‍ സീനായ്ക്കുന്ന് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: മിനി (കുട്ടന്പുഴ വനിതാ സര്‍വീസ് സഹകരണ സംഘം സെക്രട്ടറി). മക്കള്‍: ബേസില്‍, മരിയ. മരുമക്കള്‍: മെറിന്, ജോയല്‍.
മലയോര കർഷകരുടെ ഉന്നമനത്തിനായി പ്രവർത്തിച്ച നേതാവ്
കോതമംഗലം: കോതമംഗലത്തിന് നഷ്ടമായത് മലയോര കുടിയേറ്റ കർഷകരുടെയും ആദിവാസികളുടെയും ഉന്നമനത്തിനായി പ്രവർത്തിച്ച സൗമ്യനായ നേതാവിനെ. കുട്ടമ്പുഴ മേഖലയിലെ ഈറ്റത്തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ച് യൂണിയന് രൂപം നൽകി അവരുടെ ഉന്നമനത്തിനായി സി.ജെ. എല്‍ദോസ് ദീർഘകാലം പ്രവർത്തിച്ചു.
1995ൽ എ.കെ. ആന്റണി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്ന ജി. കാർത്തികേയനിൽനിന്നു മാമലക്കണ്ടത്തേക്ക് വൈദ്യുതി എത്തിക്കാൻ ആദ്യമായി ഒടിപി സാങ്ഷൻ (സ്പെഷൽ ഓർഡർ) വാങ്ങിയത് സി.ജെ. എൽദോസ് ആയിരുന്നു. പഴയ ആലുവ മൂന്നാർ രാജപാത തുറന്ന് സഞ്ചാരയോഗ്യമാക്കുന്നതിനുള്ള ശ്രമങ്ങളിലും അദ്ദേഹം മുൻനിരയിലുണ്ടായിരുന്നു.