കോടതി വരാന്തയില്‍ പോലീസുകാരന് അഭിഭാഷകന്റെ ഭീഷണി
1338664
Wednesday, September 27, 2023 2:14 AM IST
കൊച്ചി: കോടതി വരാന്തയില്‍വച്ച് പോലീസുകാരനുനേരെ അഭിഭാഷകന്റെ ഭീഷണി. പോലീസിന്റെ വയര്‍ലെസ് സെറ്റ് എറിഞ്ഞുടച്ച കേസിലെ പ്രതിയായ അഭിഭാഷകന് തിരുവനന്തപുരം സ്വദേശി മുഹമ്മദ് ഷെഹിനാണ് ജില്ലാ കോടതിയില്‍ എ.പി. ഡ്യൂട്ടിക്കെത്തിയ എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ സജിമോനെ ഭീഷണിപ്പെടുത്തിയത്.
കഴിഞ്ഞദിവസം എറണാകുളം നോര്‍ത്ത് സിഐയുടെ വയര്‍ലൈസ് എറിഞ്ഞുടച്ച കേസില്‍ അറസ്റ്റിലായ അഭിഭാഷകനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.
ഇന്നലെ രാവിലെ എറണാകുളം ഫസ്റ്റ് ക്ലാസ് എസിജെഎം കോടതി വരാന്തയില്‍ വച്ചായിരുന്നു സംഭവം. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇക്കാര്യം ജഡ്ജിയെ അറിയിക്കുകയും പോലീസുകാരനില്‍ നിന്ന് പരാതി എഴുതി വാങ്ങാന്‍ ജഡ്ജി ആവശ്യപ്പെടുകയായിരുന്നു.
അഭിഭാഷകന് ഭീഷണിപ്പെടുത്തിയ സംഭവം പോലീസുകാരന് എറണാകുളം നോര്‍ത്ത് സിഐയെ അറിയിച്ചു. തുടര്‍ന്ന് പരാതി നല്കാന് സിഐ പോലീസുകാരന് നിര്‍ദേശം നല്‍കുകയായിരുന്നു. വൈകിട്ടോടെ ജഡ്ജിക്ക് രേഖാമൂലം പരാതി കൈമാറിയതായും ഇതില്‍ അന്വേഷണം ആരംഭിച്ചതായും നോര്‍ത്ത് പോലീസ് അറിയിച്ചു.
വയര്‍ലെസ് എറിഞ്ഞുടച്ച സംഭവത്തില്‍ കേസെടുത്തതിന്റെ ദേഷ്യത്തിനാണ് പോലീസുകാരനെ ഭീഷണിപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. അതേസമയം, അഭിഭാഷകന്റെ ജാമ്യം റദ്ദാക്കണമെന്ന് കാട്ടി പോലീസ് ഉടന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
കഴിഞ്ഞ 23നാണ് വയര്‍ലെസ് തകര്‍ത്ത കേസില്‍ മുഹമ്മദ് ഷെഹിനെ പോലീസ് അറസ്റ്റ് ചെയ്തത്. രാത്രി എസ്ആര്‍എം റോഡിലായിരുന്നു സംഭവം. പൊതുമുതല്‍ നശിപ്പിക്കുക, പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുക എന്നീ കുറ്റങ്ങളാണ് ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്.