പലയിടത്തും രൂക്ഷമായ ഗതാഗതക്കുരുക്ക്
കൊച്ചി: മഴ കനത്തതിനു പിന്നാലെ പതിവുപോലെ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വെള്ളത്തിലായി. പുലര്‍ച്ചെ മുതല്‍ ആരംഭിച്ച ശക്തിയായ മഴ ഉച്ചകഴിഞ്ഞും തോരാതായതോടെ നഗരത്തിനുള്ള ഇടറോഡുകളിലും വെള്ളം കയറി. ഇതോടെ ഗതാഗതക്കുരുക്കില്‍ കൊച്ചി വലഞ്ഞു. മഴ ശമനമില്ലാതെ തുടര്‍ന്നതോടെ രാത്രി വൈകിയും റോഡുകളിലെ വെള്ളക്കെട്ട് മാറ്റമില്ലാതെ തുടര്‍ന്നു.
കെഎസ്ആര്‍ടിസ് ബസ് സ്റ്റാന്‍ഡും പരിസരവും വെള്ളത്തില്‍ മുങ്ങിയത് യാത്രക്കാരെ വലച്ചു. വെള്ളക്കെട്ട് മൂലം ബസുകള്‍ സ്റ്റാന്‍ഡിനുള്ളിലേക്ക് പ്രവേശിച്ചില്ല. യാത്രക്കാരെ സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന വഴിയില്‍ ഇറക്കുകയാണ് ചെയ്തത്. എറണാകുളത്ത് നിന്നും യാത്ര പുറപ്പെടുന്ന ബസുകളും സ്റ്റാന്‍ഡിന് പുറത്തെത്തിയാണ് യാത്രക്കാരെ കയറ്റിയത്. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലടക്കം വെള്ളം കയറി.
എറണാകുളം നോര്‍ത്ത് പരിസരത്തെ ഇടറോഡുകളെല്ലാം വെള്ളത്തില്‍ മുങ്ങി. കലാഭവന്‍ റോഡ്, പുല്ലേപ്പടി കതൃക്കടവ് റോഡ്, അരങ്ങത്ത് റോഡ്, പരമാര റോഡ് എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമായിരുന്നു.
ഇതുവഴിയുള്ള ഗതാഗതവും താത്കാലികമായി നിലച്ചു. ഇഎസ്ഐ ആശുപത്രി പരിസരവും സെമിത്തേരിമുക്ക് എന്നിവിടങ്ങളിലും റോഡില്‍ വെള്ളം ഉയര്‍ന്നത് കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചു. എറണാകുളം നോര്‍ത്ത്, സൗത്ത് റെയില്‍വേ സ്റ്റേഷന് പരിസരവും വെള്ളക്കെട്ടില്‍ വലഞ്ഞു.
കലൂര്‍, ലിസി, നോര്‍ത്ത്, മേനക എന്നിവിടങ്ങളില്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ക്ക് സമീപവും വെള്ളക്കെട്ട് രൂപപ്പെട്ടു. എംജി റോഡിലും വെള്ളക്കെട്ടിന് കുറവുണ്ടായില്ല. പത്മ ജംഗ്ഷന്, കവിത, ഷേണായീസ് ജംഗ്ഷന്, സെന്റര്‍ സ്ക്വയര്മാള് പരിസരം, വുഡ്ലാന്‍ഡ് ജംഗ്ഷന് എന്നിവിടങ്ങളില്‍ വലിയ തോതില്‍ റോഡില്‍ വെള്ളമുയര്‍ന്നത് ഗതാഗതത്തെ ബാധിച്ചു.
കലൂര്‍ കടവന്ത്ര റോഡിലെ ചില ഭാഗങ്ങളും വെള്ളം പൊങ്ങി. കടവന്ത്ര മേഖലയിലെ ഇടറോഡുകളില്‍ വെള്ളം ഉയര്‍ന്നതോടെ ഗതാഗതം ദുഷ്കരമായി.
മഴ കനത്തതോടെ വൈറ്റില, ഇടപ്പള്ളി, കലൂര്‍, പാലാരിവട്ടം എന്നിവിടങ്ങളിലെ ട്രാഫിക് സിഗ്നലുകളില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം കാരിക്കാമുറി, വിവേകാനന്ദ റോഡ്, മോണാസ്ട്രി റോഡ്, കാരയ്ക്കാട്ടുമുറി റോഡ് എന്നിവിടങ്ങളിലും വെള്ളം ഉയര്‍ന്നു.
വിവേകാനന്ദ റോഡില്‍ വെള്ളം കയറിയതോടെ പ്രദേശത്തെ 30 ഓളം വീടുകളിലും വെള്ളം കയറി. ഇവിടെ റോഡില്‍ വൈദ്യുതി ലൈനില്‍ മരം വീണ് പ്രദേശത്തെ വൈദ്യുതിയും വിച്ഛേദിക്കപ്പെട്ടു. നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ ജ്യൂസ് സ്ട്രീറ്റിലും കനത്ത മഴയില്‍ പലയിടങ്ങളിലും വെള്ളമുയര്‍ന്നു.
അതേസമയം, ഈ പ്രദേശങ്ങളിലൊന്നും മുന്‍ വര്‍ഷങ്ങളിലേപ്പോലെ വെള്ളക്കെട്ട് മണിക്കൂറുകളോളം നീണ്ടു നിന്നില്ല. കാനകളുടെ നവീകരണം നടത്തിയതോടെ ഇത്തവണ വേഗത്തില്‍ വെള്ളക്കെട്ടൊഴിഞ്ഞതും ആശ്വാസമായി.
ദുരിതമൊഴിയാതെ പി ആന്‍ഡ് ടി കോളനിക്കാര്‍
കൊച്ചി: മഴക്കാലത്ത് ദുരിതം പേറിയിരുന്ന കടവന്ത്ര പി ആന്‍ഡ് ടി കോളനി നിവാസികള്‍ക്ക് മുണ്ടംവേലിയില്‍ ഫ്ലാറ്റ് സമുച്ചയം ഒരുക്കിയെങ്കിലും ഇപ്പോഴും അവരുടെ ദുരിതമൊഴിഞ്ഞിട്ടില്ല. പുതിയ വീടുകളിലേക്ക് മാറുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് കാലതാമസം നേരിടുന്നതിനാൽ ഇന്നലെ പെയ്ത കനത്ത മഴയിലും കോളനിയിലെ 83ഓളം വീടുകളും വെള്ളത്തിലായി.
നിർമാണം പൂര്‍ത്തീകരിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ രണ്ടിന് മന്ത്രി എം.ബി. രജേഷ് നിര്‍വഹിച്ചിരുന്നു. രണ്ടാഴ്ചയ്ക്കകം എല്ലാവര്ക്കും താക്കോല്‍ കൈമാറുമെന്നാണ് അന്ന് അറിയിച്ചിരുന്നതെന്ന് കോളനി നിവാസികള്‍ പറഞ്ഞു. വ്യാഴാഴ്ച രാത്രിയോടെയാണ് വീടുകളില്‍ വെള്ളം കയറി തുടങ്ങിയത്.
പതിവുപോല വീട്ടുസാധനങ്ങള്‍ ഓരോന്നായി ഉയര്‍ത്തി വച്ച് വെള്ളം ഇറങ്ങുന്നത് കാത്തിരിക്കുകയാണ് ഇവര്‍. അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ കുട്ടികളും പ്രായമായവരുമടക്കം ബുദ്ധിമുട്ടിലായി. ചെളി കയറി ദുര്‍ഗന്ധം ഉയരുന്ന സാഹചര്യവുമുണ്ട്.
വെള്ളപ്പൊക്കത്തെ മൂലമുള്ള തങ്ങളുടെ അവസാന ദുരിതമാകും ഇതെന്ന പ്രതീക്ഷയിലാണ് കോളനി നിവാസികള്‍. പുതിയ താമസ സ്ഥലത്തേക്ക് മാറുന്നതിനായി കോര്‍പറേഷന്റെ അറിയിപ്പ് കാത്തിരിക്കുകയാണ് കോളനി നിവാസികൾ.