കിൻഫ്ര വ്യാവസായിക ജലവിതരണ പദ്ധതി യുഡിഎഫ് തടഞ്ഞു
1394180
Tuesday, February 20, 2024 6:41 AM IST
ആലുവ: പുനരാരംഭിച്ച കിൻഫ്ര വ്യാവസായിക ജലവിതരണ പദ്ധതി എടയപ്പുറത്ത് യുഡിഎഫിന്റെ നേതൃത്വത്തിൽ തടഞ്ഞു. എംപിമാരുടെയും എംഎൽഎമാരുടെയും നേതൃത്വത്തിൽ പദ്ധതിക്കായി കൊണ്ടുവന്ന ജെസിബിയുടെ മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.
ജനകീയ എതിർപ്പിനെതുടർന്ന് പ്രവർത്തനങ്ങൾ നിർത്തിവച്ചു. എടയപ്പുറത്ത് നടന്ന പ്രതിഷേധ സമ്മേളനം ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. പ്രക്ഷോഭത്തെതുടർന്ന് നിർത്തിവച്ച തോട്ടുമുഖത്തുനിന്ന് എടയപ്പുറം, കൊച്ചിൻ ബാങ്ക്, മെഡിക്കൽ കോളജ് റോഡ് മധ്യഭാഗം കുഴിച്ച് ഭീമൻ പൈപ്പുകൾ സ്ഥാപിച്ചു കിൻഫ്രയിലേക്ക് വ്യവസായിക അടിസ്ഥാനത്തിൽ വെള്ളം കൊണ്ടുപോകുന്നതിനുള്ള പുനരാരംഭിച്ച പണിയാണ് ഇന്നലെ തടഞ്ഞത്. തുടർന്ന് പോലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസായ പെരിയാറിൽനിന്നും യാതൊരു ശാസ്ത്രീയ പഠനങ്ങളും നടത്താതെ വൻതോതിൽ ജല ചൂഷണം നടത്തുന്നത് രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് കാരണമാകുമെന്നുമെന്ന് ജനപ്രതിനിധികൾ ആരോപിച്ചു. കിൻഫ്രയുടെ 45 ദശലക്ഷം ലിറ്റർ ശേഷിയുള്ള വ്യാവസായിക ജലവിതരണ പദ്ധതിയുടെ ഭാഗമായുള്ള പൈപ്പിടൽ പ്രവർത്തികൾ 2022 ഏപ്രിൽ മുതലാണ് ആരംഭിച്ചത്. എന്നാൽ പെരിയാറിൽനിന്ന് ജലം നൽകിയാൽ എറണാകുളം ജില്ലയിലെ ജലക്ഷാമം രൂക്ഷമാകുമെന്ന ആരോപണം ഉയർന്നതിനാൽ ജനങ്ങൾ സംഘടിച്ച് പദ്ധതിയുടെ പൈപ്പിടൽ ജോലികൾ ഇടയ്ക്ക് നിർത്തിവയ്പ്പിച്ചിരുന്നു. ഏറെനാൾ റോഡ് തകർന്നു കിടന്നതും ജനരോഷത്തിന് കാരണമായി.
ജലക്ഷാമം ഉണ്ടാകുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിൻ ജലവിഭവ വകുപ്പ് പെരിയാറിൽ പഠനം നടത്തി റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്. ജല അഥോറിറ്റിയിടേയും ജലസേചന വകുപ്പിന്റെയും കിൻഫ്രയുടെയും ആവശ്യങ്ങൾ കഴിഞ്ഞും ഏകദേശം 1043 ദശലക്ഷം ലിറ്റർ ജലം പെരിയാറിൽ ബാക്കിയുണ്ടാവുമെന്നും കണ്ടെത്തി.
എന്നാൽ വേനൽക്കാലത്ത് ജല അഥോറിറ്റിക്ക് വെള്ളം പമ്പ് ചെയ്യാനുള്ള മിനിമം ലെവൽ പമ്പ് ഹൗസിനു സമീപം ക്രമീകരിക്കാൻ കഴിയില്ലെന്ന് റിപ്പോർട്ടുണ്ട്. ഇത് പരിഹരിക്കാൻ പുറപ്പള്ളിക്കാവ് റെഗുലേറ്ററിന്റെ മാക്സിമം ലെവൽ ഉപയോഗപ്പെടുത്തുന്നതിന് അമ്മനത്തുപള്ളത്ത് ഒരു ക്രോസ് റെഗുലേറ്റർ കൂടി സ്ഥാപിക്കാൻ വേണ്ട നടപടി ജല വകുപ്പ് എടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പെരിയാറിൽനിന്ന് 45 എംഎൽഡി വെള്ളം കിൻഫ്രയിലേക്ക് എടയപ്പുറം മുതൽ മണലിമുക്ക് റോഡിലൂടെ കൊണ്ടുപോകുന്നതാണ് പദ്ധതി. പെരിയാറിൽനിന്ന് വെള്ളമെടുക്കുന്ന കാര്യത്തിലും റോഡിന്റെ നടുഭാഗം പൊളിച്ച് പൈപ്പിടുന്നതിനും കടുത്ത എതിർപ്പാണുയർന്നത്. പെരിയാറിനു പകരം കിൻഫ്രയുടെ സമീപത്തുകൂടി ഒഴുകുന്ന കടമ്പ്രയാറിൽനിന്ന് വെള്ളം ശേഖരിക്കണമെന്നാണ് ജനകീയാവശ്യം.