ജയ ജീവിക്കും, അഞ്ചു പേരിലൂടെ
1394185
Tuesday, February 20, 2024 6:41 AM IST
കൊച്ചി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച വീട്ടമ്മയുടെ അവയവങ്ങൾ ഇനി അഞ്ചു പേർക്ക് പുതുജീവനേകും. ചേരാനല്ലൂർ കണ്ടോളിപറമ്പിൽ ജയ ശശികുമാറി(62)ന്റെ അവയവങ്ങളാണ് മരണാനന്തര അവയവദാനത്തിലൂടെ അഞ്ചു പേർക്ക് തുണയായത്.
കഴിഞ്ഞ 13ന് ചിറ്റൂർ ജയകേരള സ്റ്റോപ്പിന് സമീപം റോഡിലൂടെ നടന്നുപോകുമ്പോൾ പിന്നിൽ നിന്ന് സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജയ ഇടപ്പള്ളി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ ഒന്‍പതോടെയാണു മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. തുടർന്ന് മരണാനന്തര അവയവദാനത്തിന് സമ്മതമറിയിച്ച് ബന്ധുക്കൾ മുന്നോട്ടു വരുകയായിരുന്നു.
സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി (കെ സോട്ടോ) പദ്ധതി വഴിയാണ് അവയവദാന നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
കരൾ, വൃക്കകൾ, കോർണിയകൾ എന്നിവയാണ് ദാനം ചെയ്തത്. ഇതിൽ കരൾ, ഒരു വൃക്ക, കോർണിയകൾ എന്നിവ അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള നാലു രോഗികൾക്കും ഒരു വൃക്ക കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രോഗിക്കുമാണു ലഭിച്ചത്.
ആശുപത്രിയിൽ പൊതുദർശനത്തിന് വച്ച ജയയുടെ മൃതദേഹത്തിൽ ഡോക്ടർമാരും ജീവനക്കാരുമടക്കമുള്ളവർ അന്തിമോപചാരം അർപ്പിച്ചു.