അയ്യന്പുഴയുടെ ആകുലതകൾ
1394415
Wednesday, February 21, 2024 4:05 AM IST
സിജോ പൈനാടത്ത്
കാടിറങ്ങിവരുന്ന വന്യജീവികൾ അയ്യന്പുഴക്കാരുടെ ഉറക്കം കെടുത്തുന്നതു പതിവ്. ആനയും പുലിയും കാട്ടുപന്നിയുമെല്ലാം ഇവരുടെ സ്വൈര്യജീവിതത്തിനും കൃഷികൾക്കും ദുരന്തം വിതയ്ക്കുകയാണ്.
അങ്കമാലിയ്ക്കടുത്ത് അയ്യന്പുഴ എണ്ണപ്പന കൃഷിയിലൂടെ അറിയപ്പെടുന്ന കാലടി പ്ലാന്റേഷൻ ഉൾപ്പെടുന്ന പ്രദേശമാണ്. എംസി റോഡുവഴി വരുന്ന സഞ്ചാരികൾ അതിരപ്പിള്ളി, വാഴച്ചാൽ, മലയ്ക്കപ്പാറ, വാൽപ്പാറ എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്ക് അയ്യന്പുഴ റൂട്ട് ഉപയോഗിക്കാറുണ്ട്.
ഇവിടുത്തെ പ്രകൃതിദൃശ്യം മനോഹരമെങ്കിലും കർഷകരുൾപ്പെടെ ഇവിടെ താമസിക്കുന്നവർക്ക് വന്യജീവികളുടെ ആക്രമണം തീരാസങ്കടമാണ്.
ആ രാത്രി തോമസ് മറക്കില്ല
കൊല്ലക്കോട് പന്നൻചിറയിൽ കാട്ടാന ഇറങ്ങിയ ആ രാത്രി കർഷകനായ തോമസ് ഓലിയപ്പുറത്തിനു മറക്കാനാകില്ല. പൊതുവഴിയിലേക്കിറങ്ങിയ കാട്ടാനക്കൂട്ടത്തെ അതുവഴി കടന്നുപോവുകയായിരുന്ന തോമസ് കണ്ടില്ല.
ആനകളിലൊന്ന് തോമസിനെ തട്ടിയെറിഞ്ഞത് വലിയ കുഴിയിലേക്കായിരുന്നു. കൈയ്ക്കും കണ്ണിനും ആന്തരികാവയവങ്ങൾക്കും പരിക്കേറ്റു. വഴിയാത്രക്കാരനായിരുന്ന സാജു, പ്രദേശവാസി ജിപ്സി എന്നിവരും ആക്രമണത്തിനിരയായി.
രാപകൽ ആനശല്യം
അയ്യന്പുഴയിലും പരിസരങ്ങളിലും രാപകൽ ആനശല്യം രൂക്ഷമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഏക്കർകണക്കിനു കൃഷിയിടങ്ങളാണ് ഇവിടെ കാട്ടാനകളിറങ്ങി നശിപ്പിച്ചതെന്ന് അയ്യന്പുഴ ഗ്രാമപഞ്ചായത്തംഗം ലൈജു ഈരാളി പറഞ്ഞു.
ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും ആനശല്യമുണ്ട്. കടുകുളങ്ങര, മഞ്ഞന, പന്നൻചിറ പാടശേഖരം എന്നിവിടങ്ങളിലെ നെല്ല്, വാഴ, അടയ്ക്ക, തെങ്ങ് കൃഷികൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു.
നഷ്ടപരിഹാരം കാത്ത് 210 പേര്
അയ്യമ്പുഴ, മലയാറ്റൂര്‍ തുടങ്ങിയ മലയോര ഗ്രാമങ്ങള്‍ ഉള്‍പ്പെടുന്ന അങ്കമാലി മേഖലയില്‍ മാത്രം വന്യജീവി ആക്രമങ്ങളുടെ പേരിലുള്ള നഷ്ടപരിഹാരത്തിനായി കാത്തിരിക്കുന്നത് 210 പേരാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ ആക്രമണത്തിനിരയായവരുടെ എണ്ണം മാത്രമാണിത്.
9.64 ലക്ഷം രൂപ ഈയിനത്തില്‍ അപേക്ഷകര്‍ക്കു കിട്ടാനുണ്ട്. ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കിയിട്ടില്ല. പലരുടെയും അപേക്ഷകള്‍ കാണാനില്ലെന്നും പറയുന്നു.
(തുടരും)