എസ്എസ്എല്‍സി: ജില്ലയിൽ 32,530 പരീക്ഷാർഥികൾ
1394417
Wednesday, February 21, 2024 4:05 AM IST
കൊച്ചി: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയ്ക്ക് ജില്ലയില്‍ 32,539 വിദ്യാര്‍ഥികള്‍. റെഗുലര്‍ വിദ്യാര്‍ഥികളായി 32,530 പേരും പ്രൈവറ്റ് രജിസ്ട്രേഷനായി ഒന്‍പത് വിദ്യാര്‍ഥികളുമാണ് എറണാകുളം, ആലുവ, മൂവാറ്റുപുഴ, കോതമംഗലം വിദ്യാഭ്യാസ ജില്ലകളിലായി പരീക്ഷ എഴുതുന്നത്. മാര്‍ച്ച് നാലിന് ആരംഭിച്ച് 25 ന് അവസാനിക്കും വിധമാണ് പരീക്ഷാ ക്രമീകരണം. രാവിലെ 9.30നാണ് പരീക്ഷ ആരംഭിക്കുന്നത്.
51 ക്ലസ്റ്ററുകളിലായാണ് പരീക്ഷാ കേന്ദ്രങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. എറണാകുളം, ആലുവ എന്നിവിടങ്ങളില്‍ 17 വീതം ക്ലസ്റ്ററുകളും മൂവാറ്റുപുഴ (ഒന്‍പത്), കോതമംഗലം (എട്ട്) ക്ലസ്റ്ററുകളുമാണ് ഉള്ളത്. പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള ചോദ്യ പേപ്പറുകള്‍ ജില്ലയിലെ വിവിധ ട്രഷറികളിലും ആലുവ വിദ്യാഭ്യാസ ജില്ലയിലെ ഒന്‍പത് ക്ലസ്റ്ററുകളിലെ ബാങ്കുകളിലും കോതമംഗലം വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍ വരുന്ന മാമലക്കണ്ടം ഗവ. ഹൈസ്കൂളിലും സൂക്ഷിക്കും. ചോദ്യപേപ്പര്‍ വിതരണത്തിനായി ക്ലസ്റ്ററുകള്‍ തിരിച്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
ജില്ലയിലെ നാല് വിദ്യാഭ്യാസ ജില്ലകളിലായി 322 പരീക്ഷാ സെന്ററുകള്‍ ആണ് സജ്ജമാക്കിയിട്ടുള്ളത്. എറണാകുളം (100), ആലുവ (111), മൂവാറ്റുപുഴ (54), കോതമംഗലം (53) എന്നിങ്ങനെയാണ് പരീക്ഷാ കേന്ദ്രങ്ങള്‍. പരീക്ഷാ കേന്ദ്രങ്ങളിലെ പരിശോധനയ്ക്കായി ഗവ. സെക്രട്ടേറിയറ്റ് തലത്തിലും റവന്യൂ ജില്ലാ വിദ്യാഭ്യാസ ജില്ല തലത്തിലും പ്രത്യേകം സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ ഉദയംപേരൂര്‍ എസ്എന്‍ഡിപി എച്ച്എസ്എസി ലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത്, 527 പേർ.
മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ മൂവാറ്റുപുഴ എന്‍എസ്എസ് ഹൈസ്കൂളിലും ശിവന്‍കുന്ന് ഗവ. ഹൈസ്കൂളിലുമാണ് പരീക്ഷാർഥികൾ കുറവ്, രണ്ടിടത്തും ഒരാള്‍ വീതം. എസ്എസ്എല്‍സി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.