ചിട്ടി സ്ഥാപന ഉടമയെ ആക്രമിച്ച് പണവും സ്വർണവും കവർന്നു
1394671
Thursday, February 22, 2024 3:59 AM IST
തൃപ്പൂണിത്തുറ: സ്വകാര്യ ചിട്ടി സ്ഥാപന ഉടമയെ ആക്രമിച്ച് പണവും സ്വർണവും കവർന്നു. പഴയ ബസ് സ്റ്റാൻഡിനടുത്ത് സാൻപ്രീമിയർ ചിട്ടി സ്ഥാപനം നടത്തുന്ന കീഴത്ത് കെ.എൻ. സുകുമാര മേനോന്റെ (75) മൂന്ന് പവന്റെ സ്വർണ മാലയും 10,000 രൂപയുമാണ് പർദ്ദ ധരിച്ചെത്തിയ അക്രമി തട്ടിയെടുത്തത്. ബുധനാഴ്ച്ച രാവിലെ 9.20 ഓടെയായിരുന്നു സംഭവം.
ഓഫീസിൽ തനിച്ചായിരുന്ന സുകുമാരന്റെ ദേഹത്തേക്ക് മുളകും സോസും കലർന്ന മിശ്രിതം ഒഴിച്ച അക്രമി ഇയാളെ കസേരയിൽനിന്ന് തള്ളി താഴെയിട്ട് മർദിച്ച് സ്വർണമാലയും പണവുമെടുത്ത് കടന്നു കളയുകയായിരുന്നു.
പുറത്തിറങ്ങിയ അക്രമി സുകുമാരൻ ഇരുന്ന ക്യാബിന്റെ വാതിലടക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ വാതിലിന് പുറത്ത് കസേരകൾ കൂട്ടിയിട്ടാണ് പോയത്. ഭയന്ന സുകുമാരൻ പുറത്തിറങ്ങി ഒച്ചവച്ചതോടെ ആളുകൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പരിക്കേറ്റ സുകുമാര മേനോൻ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ഹിൽപാലസ് പോലീസ് കേസെടുത്തിട്ടുണ്ട്. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. മുഖം മുഴുവൻ മൂടിയ രീതിയിലുള്ള പർദ്ദ ധരിച്ച ഒരാൾ കഴിഞ്ഞ ദിവസം രാവിലെയും ഇവിടെ എത്തിയിരുന്നതായി പറയപ്പെടുന്നു.