ദേശീയപാതയിൽ സ്കൂട്ടർ യാത്രികന് സ്വകാര്യ ബസ് ജീവനക്കാരുടെ മർദനം
1394676
Thursday, February 22, 2024 3:59 AM IST
കളമശേരി: ദേശീയപാത കുസാറ്റ് സിഗ്നൽ ജംഗ്ഷനിൽ ബസ് കടന്നുപോകുന്നതിന് സ്ഥലം കൊടുത്തില്ലെന്ന് ആരോപിച്ച് സ്കൂട്ടർ യാത്രികനെ സ്വകാര്യ ബസ് ജീവനക്കാർ മർദിച്ചു. ആലുവയിൽനിന്ന് എൻഎഡി റോഡ് വഴി എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎൽ17 എഫ്1490 ബുറാക് എന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് സ്കൂട്ടർ യാത്രികനെ മർദിച്ചത്.
കളമശേരി മുനിസിപ്പൽ ടൗൺ ഹാളിന് മുന്നിൽ ഇരുചക്ര വാഹന യാത്രികനായ ചാവക്കാട് സ്വദേശി ജമാലിനാണ് മർദനമേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം നടന്നത്. പരിക്കേറ്റ സ്കൂട്ടർ യാത്രികൻ ജമാൽ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
കുസാറ്റ് സിഗ്നലിൽ നിർത്തിയ സമയം ബസിന് മുന്നിലായി സ്കൂട്ടറും നിർത്തിയിരുന്നു. സിഗ്നൽ മാറിയതോടെ ബസിന് പോകാൻ വഴി കൊടുത്തല്ലെന്ന് ആരോപിച്ച് ബസിലെ ജീവനക്കാർ ജമാലിനോട് അസഭ്യം പറയുകയായിരുന്നു. തുടർന്ന് മുൻസിപ്പൽ ടൗൺ ഹാൾ ബസ് സ്റ്റോപ്പിൽ ബസ് നിർത്തിയ സമയം സ്കൂട്ടർ യാത്രികൻ ബസിന് മുന്നിലെത്തിയിരുന്നു. ഈ സമയത്താണ് സ്കൂട്ടർ യാത്രികനായ ജമാലിനെ ബസ് ജീവനക്കാർ മർദിച്ചത്.
ഉടൻ പോലീസ് സ്ഥലത്തെത്തി ജീവനക്കാരെയും ബസും കസ്റ്റഡിയിലെടുത്തു. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ മർദനം പ്രചരിച്ച് അഞ്ച് മണിക്കുർ കഴിഞ്ഞിട്ടും കേസെടുത്തിട്ടില്ലെന്ന് കളമശേരി പോലീസ് അറിയിച്ചു.