ദേശീയപാത 66ൽ അപകടക്കെണിയായി അണ്ടിപ്പിള്ളിക്കാവ് റോഡിലെ കലുങ്ക്
1394678
Thursday, February 22, 2024 4:10 AM IST
പറവൂർ: ദേശീയപാത 66ലെ മൂത്തകുന്നം-പറവൂർ റോഡിൽ അണ്ടിപ്പിള്ളിക്കാവ് കലുങ്കിന്റെ സൈഡ് ഭിത്തി തകർന്ന് അപകടവസ്ഥയിലായിട്ട് മാസങ്ങൾ കഴിഞ്ഞു. വലിയൊരു ലോറി സൈഡ് ഭിത്തിയിൽ ഇടിച്ച് താഴേക്ക് പോയതിനെതുടർന്നാണ് തകർന്നത്.
സൈഡ് ഭിത്തി തകർന്നതോടെ ഈ റോഡിന്റെ അരിക് ഇടിയാൻ തുടങ്ങിയിട്ടുണ്ട്. വലിയ ടാങ്കർ, കണ്ടെയ്നർ ലോറികൾ അടക്കം രാപകൽ വ്യത്യാസമില്ലാതെ ആയിരക്കണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്.
കഴിഞ്ഞ ഡിസംബർ ഒന്നിന് ജില്ലാ കളക്ടറും ദേശീയപാത പ്രോജക്ട് ഡയറക്ടറും റോഡിന്റെ അപകടാവസ്ഥ നേരിൽ കണ്ടിരുന്നതാണ്. ഇവിടെ അപകടാവസ്ഥ തരണം ചെയ്യാൻ അടിയന്തര നടപടികൾ വേണമെന്ന് കളക്ടർ ദേശീയപാത പ്രോജക്ട് ഡയറക്ടർക്ക് നിർദേശവും നൽകിയിരുന്നു. പക്ഷേ മൂന്നു മാസമായിട്ടും ഒരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയാറായിട്ടില്ല.
ഇവിടെ അപകടമോ ദുരന്തമോ ഉണ്ടായാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നു കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.ഡി. മധുലാൽ ആവശ്യപ്പെട്ടൂ.