കൊച്ചി: നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ പനമ്പിള്ളി നഗറിലെ കോര്‍പറേറ്റ് ഓഫീസ് ആക്രമണക്കേസില്‍ അറസ്റ്റിലായ മാവോയിസ്റ്റ് നേതാവുമായി പോലീസ് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ മാസം ആലപ്പുഴയില്‍നിന്ന് ഭീകര വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്ത സി.പി. മൊയ്തീനുമായി എറണാകുളം സൗത്ത് പോലീസ് ആണ് തെളിവെടുപ്പ് നടത്തിയത്.
2014 നവംബര്‍ പത്തിനായിരുന്നു സംഭവം. സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പത്താം പ്രതിയായ മൊയ്തീന് പത്തു വര്‍ഷത്തിനുശേഷമാണ് അറസ്റ്റിലായത്. കേസില്‍ മൊയ്തീന് ഉള്‍പ്പെടെ ആറുപേരെ ഇതുവരെ അറസ്റ്റുചെയ്തു. അഞ്ചുപേര്‍ ഒളിവിലാണ്. മുഖംമൂടിയണിഞ്ഞ പതിനൊന്നംഗ സംഘം നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ പനമ്പിള്ളിനഗര്‍ കോര്‍പറേറ്റ് ഓഫീസ് അടിച്ചുതകര്‍ത്ത് ലഘുലേഖകള്‍ വിതറുകയായിരുന്നു. തൃശൂരിലെ നിറ്റാ ജലാറ്റിന്‍ സമരം അടിച്ചമര്‍ത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം.