യുവതിയുടെ മരണം കാമുകനായി അന്വേഷണം
1458204
Wednesday, October 2, 2024 3:37 AM IST
കൊച്ചി : കാമുകനെതിരെ പരാതി നല്കിയ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവിനെ കണ്ടെത്തുന്നതിനായി എറണാകുളം നോര്‍ത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിനുശേഷം ഒളിവില്‍ പോയ വയനാട് സ്വദേശിയായ കാമുകന് പങ്കുണ്ടോയെന്നാണ് പോലീസ് മുഖ്യമായും അന്വേഷിക്കുന്നത്.
എറണാകുളം സെന്‍ട്രല്‍ മാളിലെ ഹെല്‍ത്ത് ആന്‍ഡ് ഗ്ലോ എന്ന സ്ഥാപനത്തിലെ ജീവനക്കാരി തിരുവനന്തപുരം വലിയവേളി സഞ്ജയ് ഭവനില്‍ അനീഷ ജോര്‍ജി(22) നെയാണ് തിങ്കളാഴ്ച കലൂര്‍ ബാങ്ക് റോഡിലുള്ള വാടകവീടിന്റെ ടെറസിലെ റൂഫില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി യുവതി കാമുകനെതിരെ പരാതിയുമായി വനിതാ പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. നഗരത്തിലെ ഒരു മാളില്‍ ജീവനക്കാരനായ യുവാവുമായി എട്ടു മാസം മുമ്പാണ് യുവതി പരിചയപ്പെട്ടത്. താന്‍ വിളിച്ചിട്ട് ഇയാള്‍ ഇപ്പോള്‍ ഫോണ്‍ എടുക്കുന്നില്ലെന്നും മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായുമാണ് യുവതി പോലീസിനോട് പറഞ്ഞത്.
ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച രാവിലെ ഇരുവരോടും സ്റ്റേഷനില്‍ എത്താന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.