ജപ്തിചെയ്ത വീട്ടിലെ നായകളെ ബാങ്ക് അധികൃതർ തെരുവിലേക്ക് തുറന്നു വിട്ടു; പ്രതിഷേധവുമായി നാട്ടുകാർ
1458559
Thursday, October 3, 2024 3:01 AM IST
കാക്കനാട് : ചെമ്പുമുക്ക് കെകെ റോഡിൽ വായ്പതുക കുടിശികയെ തുടർന്ന് രണ്ടു വർഷം മുമ്പ് പ്രമുഖ ദേശസാൽകൃത ബാങ്ക് ജപ്തി ചെയ്ത വീട്ടിലെ നായകളെ തെരുവിലേക്ക് തുറന്നുവിട്ടതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. സ്ഥാവര, ജംഗമസ്വത്തുക്കൾജപ്തി ചെയ്തപ്പോൾ വീട്ടുടമയുടെ രണ്ട് വളർത്തു നായകളേയും ബാങ്ക് ജപ്തി മുതലിൽ പെടുത്തിയിരുന്നു.
കഴിഞ്ഞ രണ്ടു വർഷവും ബാങ്ക് അധികാരികൾ വീട് കാവലിനായും നായകളുടെ സംരക്ഷണത്തിനുമായി സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. ജപ്തി ചെയ്യപ്പെട്ട വീടിനു ചുറ്റും സുരക്ഷാ കാമറകൾ സ്ഥാപിച്ച ബാങ്ക് അധികൃതർ ഗാർഡുമാരെ പിരിച്ചുവിട്ട ശേഷം രാത്രിയോടെ വളർത്തുനായകളെ തെരുവിലേക്ക് തുറന്നുവിട്ടതായി പരിസരവാസികൾ ആരോപിക്കുന്നു.
വീടിനുള്ളിൽ വളർന്ന പ്രത്യേക ഇനത്തിൽപ്പെട്ട നായകൾ റോഡിലിറങ്ങിയതോടെ അക്രമവാസനയുമായി വാഹനങ്ങൾക്കും, കാൽനട യാത്രക്കാർക്കും പിന്നാലെ പാഞ്ഞു.
സ്കൂൾ വിദ്യാർഥികളടക്കമുള്ളവർ നായകളെപേടിച്ച് ഇപ്പോൾ പുറത്തിറങ്ങുന്നില്ല. വിദേശയിനം നായകളിൽ ഒരെണ്ണം ഗർഭിണിയാണെന്നും നാട്ടുകാർ പറയുന്നു.
തെരുവുമായി പരിചയമില്ലാത്ത വളർത്തുനായകളെ റോഡിലേക്ക് വിട്ട ബാങ്ക് അധികൃതരുടെ നടപടിയിൽ തങ്ങൾ അതൃപ്തരാണെന്നു നാട്ടുകാർ പറഞ്ഞു. ജപ്തി മുതലിൽ നായകളെയും ഉൾപ്പെടുത്തി രേഖയുണ്ടാക്കി നാളിതുവരെ ബാങ്ക് അധികൃതർ സംരക്ഷിച്ചിരുന്ന വളർത്തുനായകളെ തുറന്നു വിട്ടതിനെതിരെ നടപടി വേണമെന്നാണ് പരിസരവാസികളുടെ ആവശ്യം.