കൊച്ചിയുടെ മാലിന്യപ്രശ്നത്തിന് പരിഹാരം : ബ്രഹ്മപുരത്തെ സിബിജി പ്ലാന്റ് മാര്‍ച്ചില്‍ പ്രവര്‍ത്തനം തുടങ്ങും
1458777
Friday, October 4, 2024 3:59 AM IST
കൊച്ചി: മാലിന്യത്തില്‍ നിന്ന് ബയോഗ്യാസ് ഉത്പാദിപ്പിക്കുന്ന ബ്രഹ്മപുരത്തെ കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) പ്ലാന്റിനായുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. മാലിന്യം സംസ്കരിക്കുന്നതിനുള്ള ഡൈജസ്റ്ററുകളുടെ നിര്‍മാണമാണ് ഇപ്പോള്‍ നടന്നുവരുന്നത്. രണ്ട് ഡൈജസ്റ്ററുകളില് ഒന്നിന്റെ നിര്‍മാണം 40 ശതമാനവും രണ്ടാമത്തേത് 30 ശതമാനവും പൂര്‍ത്തിയായി. അടുത്ത മാര്‍ച്ചോടെ പ്ലാന്റ് കമ്മീഷന് ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.
പ്ലാന്റിനോടനുബന്ധിച്ചുള്ള കെട്ടിടത്തിനായുള്ള പൈലിംഗും ആരംഭിച്ചിട്ടുണ്ട്. തട്ടുതട്ടായി കിടന്ന നിലം നിരപ്പാക്കിയ ശേഷമാണ് നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. ബ്രഹ്മപുരത്തെ പത്ത് ഏക്കര്‍ ഭൂമിയില്‍ ബിപിസിഎല്‍ കൊച്ചി റിഫൈനറിയുടെ ഫണ്ട് ഉപയോഗിച്ചാണ് പ്ലാന്റ് നിര്‍മാണം.
പ്ലാന്റിന്റെ ശിലാസ്ഥാപനം ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നിര്‍വഹിച്ചിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നേരത്തെ ആരംഭിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാല്‍ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് ഉണ്ടായിരുന്നില്ല.
പ്രതിദിനം 150 മെട്രിക് ടണ്‍ ജൈവമാലിന്യം സംസ്കരിക്കാന്‍ ശേഷിയുള്ള പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന സിബിജി ബിപിസിഎല്‍ ഉപയോഗിക്കും. പഞ്ചാബ് ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ ഓൺട്രപ്രണര്‍ഷിപ്പ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് (സിഇഐഡി) എന്ന സ്ഥാപനത്തിനാണ് നിര്‍മാണ കരാര്‍.
ഫെഡോ പ്രോജക്ട് മാനേജ്മെന്റാണ് കണ്‍സള്‍ട്ടന്റ് ഏജന്‍സി. പദ്ധതി നിര്‍വഹണത്തിനായുള്ള 10 ഏക്കര്‍ ഭൂമി, പദ്ധതി നടപ്പാക്കുന്ന ഭാരത് പെട്രോളിയം കോര്പറേഷന് ലിമിറ്റഡിന് (ബിപിസിഎല്‍) കൊച്ചി കോര്പറേഷന് കൈമാറിയിരുന്നു.
പ്രവര്‍ത്തന കാലാവധി 25 വര്‍ഷം
കരാര്‍ പ്രകാരം പ്ലാന്റിന്റെ കാലാവധി കണക്കാക്കുന്ന 25 വര്‍ഷക്കാലം ഭൂമിയുടെ നടത്തിപ്പും സംരക്ഷണവും ബിപിസിഎലിന്റെ നിയന്ത്രണത്തിലായിരിക്കും. പിന്നീടിത് 10 വര്‍ഷം വരെ നീട്ടാം. 110 കോടിയാണ് എസ്റ്റിമേറ്റ് തുക. പ്ലാന്റ് നിര്‍മാണം ഉള്‍പ്പെടെ ആദ്യഘട്ടത്തിനായി 81 കോടി ചെലവ് വരും. വര്‍ഷം തോറും 10 കോടി വരെ പ്രവര്‍ത്തന ചെലവായും കണക്കാക്കുന്നുണ്ട്.
അനുമതി ലഭിച്ചത് നവകേരള സദസിനിടെ പ്ലാന്റ് നിര്‍മാണത്തിനുള്ള ബിപിസിഎല്ലിന്റെ നിര്‍ദേശത്തിന് നവകേരള സദസ് പര്യടനത്തിനിടെ തലശേരിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അനുമതി നല്‍കിയത്.
ബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടര്‍ന്ന് മാലിന്യ സംസ്കരണം നിലച്ച സാഹചര്യത്തില്‍ ശാശ്വത പരിഹാരത്തിനായി 60 കോടി ചെലവില്‍ മാലിന്യത്തില്‍ നിന്ന് വളം ഉണ്ടാക്കുന്ന പ്ലാന്റ് എന്ന ആശയമായിരുന്നു ആദ്യം കോര്പറേഷനുണ്ടായിരുന്നത്. ഇതില്‍ 25 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് സിബിജി പ്ലാന്റ് എന്ന ആശയം ബിപിസിഎല്‍ മുന്നില്‍ വച്ചത്.
ബിപിസിഎല്ലിന്റെ പ്രപ്പോസല്‍ കോര്പറേഷന് കൗണ്‍സില്‍ യോഗം അംഗീകരിച്ചു. തുടര്‍ന്ന് മന്ത്രിസഭയുടെ അംഗീകാരത്തിനായി സര്‍ക്കാരിന് കൈമാറി. 150 ടണ്ണാണ് കണക്കാക്കുന്നതെങ്കിലും അതില്‍ കൂടുതല്‍ മാലിന്യം സംസ്കരിക്കാന്‍ ശേഷി പ്ലാന്റിനുണ്ടാകും.
പ്രതിദിനം 150 ടണ്‍ മാലിന്യം കൊച്ചി കോര്പറേഷന് പരിധിയില്‍ നിന്ന് ലഭ്യമാക്കാന്‍ കഴിയാതെ വന്നാല്‍ സമീപ മുനിസിപ്പാലിറ്റികളില്‍ നിന്നുള്ള മാലിന്യം കൂടി ബ്രഹ്മപുരത്തേക്ക് എത്തിക്കും. ഇതിനുള്ള തീരുമാനവും കഴിഞ്ഞ കൗണ്‍സിലില്‍ കൈക്കൊണ്ടിരുന്നു.
ബിപിസിഎല്‍ ലക്ഷ്യമിടുന്നത് വര്‍ഷം 14 കോടി
150 ടണ്‍ മലിന്യം സംസ്കരിക്കുന്നതിലൂടെ ആറു ടണ്‍ വരെ സിബിജിയും 25 ടണ്‍ ജൈവവളവും ഉത്പാദിപ്പിക്കാനാകും. ഇത് വില്പന നടത്തുന്നതിലൂടെ വര്‍ഷം 14 കോടിയാണ് ബിപിസിഎല്‍ ലക്ഷ്യം വയ്ക്കുന്നത്.
സംസ്കരണഘട്ടത്തില്‍ അവശേഷിക്കുന്ന 100 ടണ്‍ മലിനജലം വളമാക്കി വില്ക്കാനാകുമോയെന്നും ബിപിസിഎല്‍ നോക്കുന്നുണ്ട്. സാധിച്ചില്ലെങ്കില്‍ 100 ടണ്‍ ശേഷിയുള്ള മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിച്ച് വെള്ളം ശുദ്ധീകരിച്ച് പ്ലാന്റിലെ പ്രതിദിനാവശ്യത്തിന് ഉപയോഗിക്കുകയോ കടമ്പ്രയാറിലേക്ക് ഒഴുക്കിവിടുകയോ ചെയ്യും.
തരംതിരിക്കലിലൂടെ സംസ്കരണത്തിന് ഉപയോഗിക്കാനാകാത്ത മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. ഇതിനുള്ള പണം ബിപിസിഎല്‍ നല്‍കും. ക്ലീന്‍ കേരള ഒഴിവാക്കുന്ന മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ കോര്പറേഷന് സ്വന്തം നിലയില്‍ സ്ഥലം കണ്ടെത്തി നല്‍കണം. സംസ്കരണത്തിനായി നല്കുന്ന മാലിന്യത്തിന് ടിപ്പിംഗ് ഫീസായി പണം നല്കുന്ന വ്യവസ്ഥ കരാറില്‍ ഒഴിവാക്കിയിട്ടുണ്ട് എന്നത് കോര്പറേഷന് വലിയ നേട്ടമാണ്.
നേരത്തെ, മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി ഏറ്റെടുത്ത കരാര്‍ കമ്പനിക്ക് ലോഡിന് 3550 രൂപ വീതം നല്‍കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ടിപ്പിംഗ് ഫീസ് ഒഴിവാക്കിയതിലൂടെ വര്‍ഷം 20 കോടി രൂപ ഈ ഇനത്തില്‍ കോര്പറേഷന് ലഭമുണ്ടാകും. അടുത്ത വര്‍ഷം മാര്‍ച്ചില്‍ പ്ലാന്റ് പ്രവര്‍ത്തനസജ്ജമാക്കുകയാണ് ലക്ഷ്യം.