കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ ദ്യുതിയിൽ 50.48 കോടിയുടെ പദ്ധതികൾ
1460396
Friday, October 11, 2024 3:48 AM IST
കോലഞ്ചേരി: കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ ദ്യുതി പദ്ധതിയിൽ ഉൾപ്പെടുത്തി വൈദ്യുതി വകപ്പ് 50.48 കോടി രൂപയുടെ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നതായി മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു. ഇത് സംബന്ധിച്ച പി.വി. ശ്രീനിജിൻ എംഎൽഎയുടെ നിയമസഭാ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
രണ്ടാം പിണറായി സർക്കാർ വന്ന ശേഷം കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ ദ്യുതി പദ്ധതിയിൽ ഉൾപ്പെടുത്തി വൈദ്യുതി വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികൾ സംബന്ധിച്ചും പദ്ധതികളിൽ പൂർത്തീകരിക്കാത്ത പ്രവർത്തികൾ വേഗത്തിൽ പൂർത്തീകരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു എംഎൽഎയുടെ നിയമസഭ ചോദ്യം.
കെഎസ്ഇബിഎല്ലിന്റെ തനത് ഫണ്ട് ഉപയോഗിച്ച് 5048.395 ലക്ഷം രൂപയുടെ പ്രവർത്തികൾ വിഭാവനം ചെയ്തിട്ടുണ്ട്. ഇതിൽ 716.37 ലക്ഷം രൂപയുടെ പ്രവർത്തികൾ ഇതുവരെ പൂർത്തീകരിച്ച് കഴിഞ്ഞു.
ഇതുവരെ പൂർത്തിയാക്കാത്ത പ്രവർത്തികളുടെ എഗ്രിമെന്റ് വയ്ക്കുന്നത് ഉൾപ്പെടെയുള്ള ടെൻഡർ നടപടികൾ നടപ്പിലാക്കുന്നതിനും മെറ്റീരിയലിന്റെ ലഭ്യത ഉറപ്പ് വരുത്തിയും അതാത് സാമ്പത്തിക വർഷത്തിൽ വിഭാവനം ചെയ്തിരിക്കുന്ന പ്രവർത്തികൾ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ കെഎസ്ഇബിഎൽ കൈക്കൊണ്ടുവന്നതായും മന്ത്രി എംഎൽഎയെ നിയമസഭയിൽ അറിയിച്ചു.