ഗാന്ധി, കോൺഗ്രസ് അധ്യക്ഷനായതിന്റെ നൂറാം വാർഷികാചരണം കൊച്ചിയിൽ
1460714
Saturday, October 12, 2024 4:02 AM IST
കൊച്ചി: ഡിസിസിയുടെയും സബർമതി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ, മഹാത്മാഗാന്ധി കോൺഗ്രസ് അധ്യക്ഷനായതിന്റെ നൂറാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും.17വരെ എറണാകുളം രാജേന്ദ്ര മൈതാനത്താണ് ആഘോഷ പരിപാടികൾ.
ഗാന്ധിജി രണ്ടു തവണ വന്നിറങ്ങിയ എറണാകുളം പഴയ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്ന് വൈകുന്നേരം 3.30 ന് ആരംഭിക്കുന്ന ദീപശിഖാ പ്രയാണവും എറണാകുളം മഹാരാജാസിൽ നിന്ന് ആരംഭിക്കുന്ന ചർക്ക ഘോഷയാത്രയും രാജേന്ദ്ര മൈതാനത്ത് സംഗമിക്കും. എക്സിബിഷൻ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിക്കും. പുസ്തകോത്സവവും ഖാദി-ചർക്ക എക്സിബിഷനും ചരിത്ര ചിത്ര പ്രദർശനവും റീക്ലെയിം കോൺസ്റ്റിറ്റ്യൂഷനും ഉണ്ടാകും. നാളെ ഗാന്ധിയൻ "ആദർശങ്ങളുടെ ഹരിത രാഷ്ട്രീയം' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ മേധ പട്കർ, ശ്രീധർ രാധാകൃഷ്ണൻ, സി.ആര്. നീലകണ്ഠൻ, കെ. സഹദേവൻ തുടങ്ങിയവർ പങ്കെടുക്കും. വൈകുന്നേരം "ഗാന്ധി-ലോക സാഹിത്യത്തിലെ ഇതിഹാസം' എന്ന സെമിനാറിൽ ഡോ.അബ്ദുസമദ് സമദാനി എംപി, ഡോ. പി.വി. കൃഷ്ണൻ നായർ, കെ.എ. സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിക്കും.
വൈകുന്നേരം അഞ്ചിന് സമ്മേളനം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി സെക്രട്ടറി പി.വി. മോഹനൻ, എംപിമാർ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.
14, 15,16,17 തിയതികളിൽ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും. 17നു സമാപന സമ്മേളനം കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും. ഗാന്ധിയുമായി ബന്ധപ്പെട്ട ചലച്ചിത്രങ്ങളുടെയും ഹ്രസ്വചിത്രങ്ങളുടെയും പ്രദർശനവും ചർച്ചകളും എല്ലാ ദിവസവും ഉണ്ടാകും.