കരുമാലൂരിൽ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ചു
1483499
Sunday, December 1, 2024 5:26 AM IST
കരുമാലൂർ: മാസങ്ങൾ നീണ്ടുനിന്ന അധികാര തർക്കത്തിനൊടുവിൽ കരുമാലൂർ പഞ്ചായത്തിലെ പ്രസിഡന്റ് ശ്രീലത ലാലുവും വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരിയും രാജിവച്ചു. മുൻധരണ പ്രകാരമുള്ള അധികാര കൈമാറ്റത്തിനു നിലവിലെ പ്രസിഡന്റും വൈസ് പ്രസിഡന്റും തയാറായതോടെ കരുമാലൂർ പഞ്ചായത്തിൽ ഇടതുപക്ഷത്തിനു ഭരണം നഷ്ടപ്പെട്ടില്ല. ഇതോടെ അധികാര സ്ഥാനത്തെ ചൊല്ലിയുള്ള പ്രശ്നങ്ങൾക്കു പരിഹാരമായി.
കരുമാലൂർ പഞ്ചായത്ത് ഭരണസമിതി ചുമതലയേൽക്കുമ്പോൾ ആദ്യ നാലു വർഷം നിലവിലെ പ്രസിഡന്റായിരുന്ന ശ്രീലത ലാലു, വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി എന്നിവരും തുടർന്നുള്ള ഒരു വർഷത്തേക്കു പ്രസിഡന്റ് സ്ഥാനം ലഭിക്കേണ്ടിയിരുന്നത് സിപിഎം പഞ്ചായത്ത് അംഗം സബിത നാസറിനും വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കേണ്ടിയിരുന്നതു സ്വതന്ത്ര അംഗം മുഹമ്മദ് മെഹ്ജൂബിനും എന്നതായിരുന്നു ധാരണയത്രേ.
ഇതുപ്രകാരം രണ്ട് മാസം മുന്നേ സ്ഥാനം ഒഴിയേണ്ടതായിരുന്നു. എന്നാൽ ഇതിനു തയാറാകാതെ വന്നതിനെത്തുടർന്നാണ് അധികാര തർക്കം രൂക്ഷമായതും ചില അംഗങ്ങൾ കോൺഗ്രസിനു പിന്തുണ കൊടുക്കുമെന്ന നില വരെ എത്തിയതും.
വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കേണ്ട സ്വതന്ത്ര അംഗത്തിന്റെ പിന്തുണയിലാണു സിപിഎം കരുമാലൂർ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്. സ്ഥാനം ലഭിച്ചില്ലെങ്കിൽ ഈ പിന്തുണ പിൻവലിച്ചു കോൺഗ്രസിനു പിന്തുണ നൽകുമെന്നു വരെ അറിയിച്ചിരുന്നു.
ഇതോടെ ഇന്നലെ സിപിഎം നേതൃത്വം ഇടപെട്ടു ചർച്ച നടത്തി പ്രസിഡന്റ് സ്ഥാനം സബിത നാസറിനും വൈസ് പ്രസിഡന്റ് സ്ഥാനം മുഹമ്മദ് മെഹ്ജൂബിനും നൽകാൻ ധാരണയാവുകയായിരുന്നു.വികസനകാര്യ ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷർക്കു പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റെയുംയും താത്കാലിക ചുമതല പഞ്ചായത്ത് സെക്രട്ടറി നൽകി.