മലിനജലം തോട്ടിലേക്ക് പമ്പ് ചെയ്തിരുന്ന മോട്ടോറുകൾ കണ്ടുകെട്ടി
1483502
Sunday, December 1, 2024 5:34 AM IST
തൃപ്പൂണിത്തുറ: പാർപ്പിട സമുച്ചയത്തിൽ നിന്നും മലിനജലം സമീപത്തെ തോട്ടിലേയ്ക്ക് പമ്പ് ചെയ്ത സംഭവത്തിൽ ഫ്ലാറ്റ് സമുച്ചയത്തിലെ മോട്ടോറുകൾ കണ്ടു കെട്ടി. കണിയാമ്പുഴയിലെ സ്വകാര്യ ഫ്ലാറ്റിൽ നിന്നാണ് മലിനജലം സമീപത്തെ തോട്ടിലേയ്ക്ക് പമ്പ് ചെയ്ത് കൊണ്ടിരുന്നത്.
120 വീട്ടുകാർ താമസിക്കുന്ന ഇവിടത്തെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ഇതിനെതിരെ സമീപവാസികൾ കോടതിയിൽ നൽകിയ കേസിനെ തുടർന്ന് തൃപ്പൂണിത്തുറ നഗരസഭ ഇടപെട്ട് ഒരു ലക്ഷം രൂപ പിഴയടപ്പിക്കാൻ തീരുമാനിക്കുകയും പുതിയ എസ്ടിപി സംവിധാനം ഒരുക്കാനും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഫ്ലാറ്റ് അധികൃതർ ഇതിന് തയാറാകാതെ വന്നതോടെ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ സഹായത്തോടെ നഗരസഭാ സെക്രട്ടറി പി.കെ. സുഭാഷിന്റെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഇന്ദു സി. നായർ, പി.ആർ. അജീഷ് എന്നിവരുൾപ്പെട്ട സ്ക്വാഡ് ഫ്ലാറ്റ് സമുച്ചയത്തിലെത്തി മാലിന്യം പമ്പ് ചെയ്തിരുന്ന രണ്ട് മോട്ടോറുകളും വിഛേദിച്ചെടുത്ത് കണ്ടു കെട്ടുകയായിരുന്നു.
ഫ്ലാറ്റിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് നഗരസഭ അറിയിച്ചു.