ഹിൽപാലസ് മ്യൂസിയത്തില്‍ സന്ദര്‍ശക സൗകര്യം വർധിപ്പിക്കുമെന്ന് മന്ത്രി
1496810
Monday, January 20, 2025 5:29 AM IST
തൃപ്പൂണിത്തുറ: ഹിൽപാലസ് മ്യൂസിയത്തില്‍ സന്ദര്‍ശക സൗകര്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒരേ സമയം 150 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ കഴിയും വിധമുള്ള പാര്‍ക്കിംഗ് ഏരിയയുടെ പ്രവൃത്തി ഈ സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തീകരിച്ച് സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ.
ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഹിൽപാലസ് മ്യൂസിയം സന്ദർശിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്തെ പുരാവസ്തു മ്യൂസിയങ്ങളിൽ ആരംഭിച്ചു കഴിഞ്ഞിട്ടുള്ള ഡിജിറ്റൽ പണമിടപാട് സംവിധാനത്തിന്റെ ഭാഗമായി ഹിൽപാലസ് മ്യൂസിയത്തിലും ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ഉടൻ നടപ്പാക്കുമെന്നും മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ മാലിന്യ മുക്തമാക്കുന്ന പദ്ധതിയിലുൾപ്പെടുത്തി ഹില്‍പാലസ് മ്യൂസിയത്തെ ഹരിത വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പുരാവസ്തു വകുപ്പിന് കീഴിലുള്ള മ്യൂസിയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഹില്‍പാലസ് മ്യൂസിയം. കഴിഞ്ഞ എട്ടു വർഷത്തിനിടയില്‍ നിരവധി സംരക്ഷണ വികസന പ്രവർത്തനങ്ങൾ ഇവിടെ നടത്തിയിട്ടുള്ളതു കൊണ്ടുതന്നെ ഹിൽപാലസ് സന്ദര്‍ശിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, മ്യൂസിയം ചാർജ് ഓഫീസർ കെ.വി. ശ്രീനാഥ് എന്നിവരുടെ നേതൃത്വത്തിൽ മന്ത്രിയെ സ്വീകരിച്ചു. അനൂപ് ജേക്കബ് എംഎൽഎയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.