ഇടക്കൊച്ചിയിലെ വേലിയേറ്റം: പ്രവൃത്തി വിഭജിച്ച് ടെൻഡർ ചെയ്യാൻ അനുമതി
1511919
Friday, February 7, 2025 4:07 AM IST
ഇടക്കൊച്ചി: ഇടക്കൊച്ചി മേഖലയിലെ വേലിയേറ്റ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ഇറിഗേഷൻ വകുപ്പ് തയാറാക്കി ടെൻഡർ നടപടികൾക്ക് അയച്ച സംരക്ഷണഭിത്തിയും സ്ലൂയിയിസും നിർമിക്കുന്നതിനുള്ള പ്രവർത്തി വിഭജിച്ച് ടെൻഡർ ചെയ്യുന്നതിന് ഇറിഗേഷൻ ചീഫ് എക്സി. എൻജിനീയറുടെ അനുമതി ലഭിച്ചതായി കെ. ബാബു എംഎൽഎ അറിയിച്ചു.
ഒരു കോടി രൂപയുടെ എസ്റ്റിമേറ്റാണ് ഇടക്കൊച്ചിയിൽ സംരക്ഷണ ഭിത്തിയും സ്ലുയിസും നിർമിക്കുന്നതിനായി ഇറിഗേഷൻ വകുപ്പ് തടാറാക്കി ടെൻഡർ നടപടികൾക്ക് അയച്ചത്.
മൂന്നുതവണ ടെൻഡർ ചെയ്തിട്ടും ഏറ്റെടുക്കാൻ കരാറുകാർ ആരും തയാറാകാത്ത സാഹചര്യത്തിലാണ് ഈ പ്രവൃത്തി മൂന്നായി വിഭജിച്ച് ടെൻഡർ ചെയ്യുവാൻ തീരുമാനിച്ചതെന്ന് കെ. ബാബു എംഎൽഎ അറിയിച്ചു. പള്ളുരുത്തി, ഇടക്കൊച്ചി, കുമ്പളം പ്രദേശങ്ങളിൽ കായൽ വേലിയേറ്റം തടയുന്നതിന് സംരക്ഷണ ഭിത്തിയും, സ്ലുയിസും നിർമിക്കുന്നതിന് 4.85 കോടി രൂപയുടെ പ്രവർത്തിയാണുള്ളത്.
എറണാകുളം ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ നിന്ന് വിഭജിച്ച് ടെൻഡർ ചെയ്യണമെന്ന നിർദേശം ഇറിഗേഷൻ ചീഫ് എൻജിനീയർ അംഗീകരിച്ചിട്ടുണ്ട്. ഇറിഗേഷൻ വകുപ്പ് ഇത് സർക്കാർ അംഗീകാരത്തിനായി ഉടൻ അയക്കുമെന്നും എംഎൽഎ അറിയിച്ചു.