തമ്മനം-പുല്ലേപ്പടി റോഡ് വികസനം: നടപടികള്‍ വേഗത്തിലാക്കാൻ നിർദേശം
1535332
Saturday, March 22, 2025 4:06 AM IST
സാമൂഹികാഘാതപഠനം അടുത്ത മാസം ആരംഭിക്കും
കൊച്ചി: തമ്മനം-പുല്ലേപ്പടി റോഡ് വികസനവുമായി ബന്ധപ്പെട്ട് നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം. റോഡ് വികസനവുമായി ബന്ധപ്പെട്ട പുരോഗതി വിലയിരുത്തുന്നതിനായി കൊച്ചി മേയര്‍ അഡ്വ.എം.അനില്‍കുമാര്‍, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.
സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഭരണാനുമതിക്കായി സംസ്ഥാന സര്‍ക്കാരിലേക്ക് ഫയല്‍ അയച്ചതായി കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. ഏപ്രില്‍ 15 ന് മുമ്പായി ഭരണാനുമതി ലഭ്യമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
സാമൂഹികാഘാതപഠനം ഏപ്രിലില്‍ ആരംഭിക്കും. ഓഗസ്റ്റില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി ബന്ധപ്പെട്ട പ്രാഥമിക നോട്ടിഫിക്കേഷന്‍ 11 (1) പ്രകാരമുള്ള നടപടികള്‍ ആരംഭിക്കും.
റോഡ് വികസനവുമായി ബന്ധപ്പെട്ട് നിലവില്‍ ഏറ്റെടുത്ത സ്ഥലത്ത് ഓഗസ്റ്റ് മാസത്തില്‍ യൂട്ടിലിറ്റി ഷിഫ്റ്റിംഗ്, റോഡ് വീതി കൂട്ടല്‍ നടപടികള്‍ ആരംഭിക്കാന്‍ കെആര്‍എഫ്ബിയെ ചുമതലപ്പെടുത്തി. കെആര്‍എഫ്ബി നല്കുന്ന പ്ലാന്‍ കിഫ്ബിയില്‍ സമര്‍പ്പിച്ച് ആവശ്യമായ അംഗീകാരം ലഭ്യമാക്കുമെന്ന് യോഗത്തില്‍ മേയര്‍ ഉറപ്പുനല്‍കി.
അറ്റ്ലാന്റിസ് റെയില്‍വേ മേല്‍പ്പാലം നിര്‍മാണ നടപടികളുടെ പുരോഗതിയും യോഗം വിലയിരുത്തി. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പരാതികള്‍ ഉന്നയിച്ച എട്ടോളം കുടുംബങ്ങളുടെ പുനരധിവാസ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ മേയറെ ചുമതലപ്പെടുത്തി.