വിദേശ ജോലി തട്ടിപ്പ്: യുവാവ് അറസ്റ്റിൽ
1535588
Sunday, March 23, 2025 4:11 AM IST
കല്ലൂർക്കാട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒളിവിലായിരുന്ന യുവാവിനെ പോലീസ് പിടികൂടി. ഏനാനല്ലൂർ കടുക്കാഞ്ചിറ മാലികുന്നേൽ ഇന്ദ്രജിത്തി(24)നെയാണ് കല്ലൂർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
ദുബായിൽ ജോലി വിസ വാഗ്ദാനം നൽകി സ്ത്രീകൾ ഉൾപ്പെടെ നിരവധിപേരിൽ നിന്നു പണം കൈപ്പറ്റിയ ശേഷം വിസ നൽകാതെ കബളിപ്പിക്കുകയായിരുന്നു. കല്ലൂർക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഇയാൾ ഒളിവിൽ പോയി.
ബംഗളൂരു നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ മൂന്നു മാസമായി ഒളിവിൽ താമസിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണസംഘം ബംഗളൂരിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം. ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ കെ. ഉണ്ണികൃഷ്ണൻ, എസ്ഐ വി.എ. അസീസ്, എഎസ്ഐ ജിമ്മോൻ ജോർജ്, എസ്സിപിഒ നൗഷാദ് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.