വികസനത്തിന് ഊന്നൽ നൽകി തൃക്കാക്കര നഗരസഭ
1535606
Sunday, March 23, 2025 4:35 AM IST
കാക്കനാട്: സമഗ്ര മേഖലകളിലും സമ്പൂർണ വികസനം എന്ന ആശയവുമായി തൃക്കാക്കര നഗരസഭയിൽ 2025-26 സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റ് നഗരസഭാ വൈസ് ചെയർമാൻ അബ്ദു ഷാന അവതരിപ്പിച്ചു.
മാലിന്യ നിർമാർജനത്തിനും കുടിവെള്ളം, ആരോഗ്യം, പാർപ്പിടം, ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളുടെ വികസനത്തിനും തുക നീക്കിവച്ചുള്ള ബജറ്റാണ് വെള്ളിയാഴ്ച കൗൺസിൽ മുമ്പാകെ അവതരിപ്പിച്ചത്. ക്ഷീര, മത്സ്യ മേഖലകളിൽ കൂടുതൽ പദ്ധതികൾ വരുന്ന സാമ്പത്തിക വർഷം മുതൽ നടപ്പാക്കും.
പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുടെ വീടുകളുടെ അറ്റകുറ്റപ്പണി, വിവാഹ ധനസഹായം, കുട്ടികളുടെ പഠന സൗകര്യങ്ങൾക്കായി പഠനമുറി, സ്കോളർഷിപ്പുകൾ, ജലസംഭരണികൾ സ്ഥാപിച്ച് കുടിവെള്ളം ഉറപ്പുവരുത്തൽ, വൃദ്ധർക്കു കട്ടിലുകൾ കോളനികളുടെ നവീകരണം എന്നിവക്കായി 3,07,75000 രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
ബയോ കമ്പോസ്റ്റർ, തുമ്പൂർമുഴി, റിംഗ് കമ്പോസ്റ്റ്, മിനി എംസിഎഫ് മാതൃകയിൽ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിയുള്ള മാലിന്യ സംസ്കരണത്തിന് ഗ്രീൻപാർക്ക് പദ്ധതി പ്രകാരം മാലിന്യ നിർമാർജനം ഉറപ്പുവരുത്താൻ കഴിയുന്ന പദ്ധതിക്കായി ആറു കോടി രൂപയും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
കടമ്പ്രയാർ, ചിത്രപ്പുഴ, ഇടച്ചിറ ജലാശയങ്ങളെ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിഫ്ലോട്ടിംഗ് റസ്റ്ററന്റുകളുടെ പ്രവർത്തനത്തിനു അടുത്ത സാമ്പത്തിക വർഷത്തിൽ തന്നെ തുടക്കം കുറിക്കും. ഇൻ ഫോപാർക്കിനു സമീപമുള്ള ഇടച്ചിറ തോടു മുതൽ ബ്രഹ്മപുരം പാലം വരെ കടമ്പ്രയാർ തീരങ്ങൾ സംരക്ഷണ ഭിത്തി കെട്ടി മോടികൂട്ടിയും,
നടപ്പാതകളിൽ ടൈൽ വിരിച്ചുംഅലങ്കാര വിളക്കുകൾ, ഇരിപ്പിടങ്ങൾ എന്നിവ സ്ഥാപിച്ചും ഐ ടി പ്രൊഫഷണലുകൾ അടക്കമുള്ളവരേയും വിദേശികളേയും നദീതട ടൂറിസത്തിലേക്ക് ആകർഷിക്കാൻ ഒരു കോടിയുടെ പദ്ധതിക്കു പുറമേ ഫ്ലോട്ടിംഗ്റസ്റ്ററന്റിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
15 കൊല്ലമായി ബജറ്റിൽ ആവർത്തിക്കുന്ന പഴമ്പള്ളിച്ചാൽ ടൂറിസം പദ്ധതി,ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോപ്ലക്സ് നിർമാണം എന്നിവ കഴിഞ്ഞ 15 വർഷമായി ബജറ്റിൽഅവതരിപ്പിക്കുന്നതാണെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രതിപക്ഷം കുറ്റപ്പെടുത്തി.