മണീട് ബജറ്റിൽ കാർഷിക മേഖലയ്ക്ക് മുൻതൂക്കം
1535622
Sunday, March 23, 2025 4:53 AM IST
പിറവം: കാർഷിക മേഖലയ്ക്ക് മുൻതൂക്കം നൽകി മണീട് പഞ്ചായത്ത് 26.67 കോടിയുടെ ബജറ്റ് അവതരിപ്പിച്ചു. 26,67,62,442 രൂപ വരവും 26,50,79,718 രൂപ ചെലവും 16,82,734 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് മോളി തോമസ് അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗീസ് അധ്യക്ഷത വഹിച്ചു.
കുടുംബാരോഗ്യ കേന്ദ്രത്തോടനുബന്ധിച്ച് 80 ലക്ഷം രൂപ ചെലവിൽ മൾട്ടിലെവൽ ഫിസിയോതെറാപ്പി സെന്റർ തുടങ്ങാൻ ബജറ്റിൽ പദ്ധതിയുണ്ട്. നെച്ചൂർ എൽപി സ്കൂൾ നവീകരണം, കുട്ടണംപുറത്ത് ചിറയോടനുബന്ധിച്ചുള്ള പാർക്കിന്റെ പൂർത്തീകരണം, മാലിന്യം സംഭരിക്കൽ, അങ്കണവാടികൾ ഹൈടെക്കാക്കുക തുടങ്ങിയവ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ദാരിദ്ര ലഘൂകരണ പ്രവർത്തനങ്ങൾക്ക് ബജറ്റിൽ 3,73,33,400 രൂപയും അടിസ്ഥാന സൗകര്യ വികസനത്തിന് 2,75,94,000 രൂപയും നെൽകൃഷിക്കും അനുബന്ധ മേഖലയ്ക്കുമായി 1,14,98,769 രൂപയും വകയിരുത്തിയിട്ടുണ്ട്.