ഫ്രാൻസിസ് മാർപാപ്പ പ്രത്യാശയുടെ പ്രവാചകൻ: മാർ മഠത്തിക്കണ്ടത്തിൽ
1544450
Tuesday, April 22, 2025 7:00 AM IST
കോതമംഗലം: അടിയുറച്ച ദൈവസ്നേഹത്തിൽ നിന്നും ഉയിരെടുക്കുന്ന ആഴമുള്ള സഹോദര സ്നേഹത്തിന്റെ വക്താവും പ്രത്യാശയുടെ പ്രവാചകനുമായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്നു കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അനുസ്മരിച്ചു.
സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് പലവിധ കാരണങ്ങൾകൊണ്ട് മാറ്റിനിർത്തപ്പെട്ടവരെ അദ്ദേഹം ഹൃദയത്തോട് ചേർത്തു നിർത്തി. രോഗികൾ, വൃദ്ധർ, യുദ്ധക്കെടുതികളിൽപ്പെട്ടവർ എന്നിവർക്കായി അദ്ദേഹമെടുത്ത ധീരമായ നിലപാടുകൾ ലോകത്തിന് മുഴുവൻ മാതൃകയായി. വിശ്വാസ വിഷയങ്ങളിലും സഭാ പ്രബോധനങ്ങളിലും ആത്മീയ നിറവോടെ അദ്ദേഹം സഭയെ നയിച്ചു.
വാർധക്യവും രോഗാവസ്ഥയും ആത്മീയ തീക്ഷ്ണതയെ ക്ഷീണിപ്പിച്ചില്ല എന്നത് അദ്ദേഹത്തിന്റെ ദൈവിക ഭാവത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. അവസാന മണിക്കൂര്‍ വരെ കർമനിരതനായിരുന്ന അദ്ദേഹം ശാന്തമായി നിത്യതയിൽ ലയിച്ചു.
ഉത്ഥാന ശേഷം ഈശോ ശിഷ്യന്മാർക്ക് പ്രത്യക്ഷനായി സമാധാനം ആശംസിച്ചത് പോലെ ഈസ്റ്റർ ദിനത്തിൽ ലോകത്തിന് മുഴുവൻ സമാധാനം ആശംസിച്ചും ആഹ്വാനം ചെയ്തുമാണ് ഫ്രാൻസിസ് മാർപാപ്പ എന്ന യുഗപ്രഭാവൻ കടന്നുപോകുന്നത്. എളിമയോടും സുവിശേഷത്തിൽ അധിഷ്ഠിതമായ ധീരതയോടും ഒരു വ്യാഴവട്ടക്കാലം കത്തോലിക്കാ തിരുസഭയെ നയിച്ച ഫ്രാൻസിസ് പാപ്പയെയോർത്ത് ദൈവത്തിന് നന്ദി പറയുന്നു.
പ്രത്യാശയുടെ സുവിശേഷം അളവുകളില്ലാതെ പ്രഘോഷിച്ച പരിശുദ്ധ പിതാവിന്റെ ആത്മാവിന് പ്രാർഥനാപൂർവം നിത്യശാന്തി നേരുന്നുവെന്നും മാർ മഠത്തിക്കണ്ടത്തിൽ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.