ശിവരാത്രി മണപ്പുറത്ത് കഞ്ചാവ് ചെടികൾ
1544480
Tuesday, April 22, 2025 7:13 AM IST
ആലുവ: കഞ്ചാവ് ഇലകൾ ശേഖരിക്കാൻ അതിഥി തൊഴിലാളികൾ സ്ഥിരം എത്തുന്നുവെന്ന വിവരത്തെ തുടർന്ന് എക്സൈസ് വകുപ്പ് ആലുവ ശിവരാത്രി മണപ്പുറത്ത് പരിശോധന നടത്തി. പല വലിപ്പത്തിൽ വളർന്നിരുന്ന ഒമ്പത് കഞ്ചാവ് ചെടികൾ എക്സൈസ് സംഘം കണ്ടെത്തി പറിച്ചുനീക്കി.
ഏകദേശം ഒരു മീറ്ററോളം വലിപ്പമുള്ള ചെടികളടക്കമാണ് കണ്ടെത്തിയത്. ഇല്ലിക്കാടിനോട് ചേർന്ന മേഖലയിലാണ് ചെടികൾ വളർത്തിയിരുന്നത്. മുമ്പും മണപ്പുറത്ത് കഞ്ചാവ് ചെടികൾ എക്സൈസ് വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പ്രത്യേക പരിചരണം കൊടുത്താണ് അന്നും ചെടി വളർത്തിയിരുന്നത്. മണപ്പുറം കേന്ദ്രീകരിച്ച് ചുറ്റിക്കറങ്ങുന്നവരെ നിരീക്ഷിക്കാനും എക്സൈസ് വകുപ്പ് നടപടി ആരംഭിച്ചു.
ആലുവ റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജോമോൻ ജോർജിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.