വില്വമലയിൽ നിറമാലച്ചന്തം
1592798
Friday, September 19, 2025 1:31 AM IST
തിരുവില്വാമല: പ്രസിദ്ധമായ തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിലെ നിറമാല ദർശനത്തിനു ഭക്തജനത്തിരക്ക്. മധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങൾക്ക് ആരംഭംകുറിച്ച് കന്നിമാസത്തിലെ ആദ്യത്തെ വ്യാഴാഴ്ച നടന്ന നിറമാല തൊഴാൻ വില്വമലയിലേക്ക് അതിരാവിലെ മുതൽതന്നെ ഭക്തരുടെ ഒഴുക്കായിരുന്നു.
ക്ഷേത്രാങ്കണവും ക്ഷേത്രനടയും താമരപ്പൂമാല തോരണങ്ങളും കുലവാഴകളുംകൊണ്ട് കമനീയമായി അലങ്കരിച്ചിരുന്നു. നിരവധി വാദ്യകലാകാരന്മാരും ആനകളും എഴുന്നള്ളിപ്പിൽ പങ്കെടുക്കാനെത്തിയിരുന്നു. വാദ്യകലാകാരന്മാർ വില്വാദ്രിനാഥനുമുന്നിൽ നാദാർച്ചനയ്ക്കായി എത്തിയതും നിരവധി ആനകൾ എഴുന്നള്ളിപ്പിൽ പങ്കെടുക്കാനെത്തിയതും നിറമാലയുടെ പ്രത്യേകതയാണ്. രാവിലെ അഞ്ചിനു കലാമണ്ഡലം അച്ചുതൻ, ഞെരളത്ത് രാമദാസ്, സിന്ധു ശ്രീകുമാർ എന്നിവർ ചേർന്ന് അവതരിപ്പിച്ച അഷ്ടപദിയോടെയാണ് ഉത്സവത്തിനു തുടക്കമായത്. രാവിലെ മേളത്തോടെയുള്ള ശീവേലി എഴുന്നള്ളിപ്പിൽ പഞ്ചാരിമേളത്തിനു കിഴക്കൂട്ട് അനിയൻമാരാരും ഉച്ചയ്ക്കു രണ്ടിനു പഞ്ചവാദ്യത്തോടെയുള്ള കാഴ്ചശീവേലിക്ക് കുനിശേരി അനിയൻമാരാരും പ്രമാണം വഹിച്ചു.
പ്രഭാതശീവേലിക്കു ചിറയ്ക്കൽ കാളിദാസൻ ലക്ഷ്മണന്റെയും അക്കിക്കാവ് കാർത്തികേയൻ ശ്രീരാമന്റെയും കോലം വഹിച്ചു. ഉച്ചകഴിഞ്ഞു നടന്ന കാഴ്ചശീവേലിക്കു തിരുവാണിക്കാവ് രാജഗോപാലും ചെത്തല്ലൂർ മുരളികൃഷ്ണനുമാണ് തിടമ്പേറ്റിയത്.
വൈകിട്ട് നാദസ്വരക്കച്ചേരി, നിറമാല, ദീപാരാധന, വിളക്കുവയ്പ്,സോപാനസംഗീതം, മോഹിനിയാട്ടം, തായമ്പക, രാത്രി 12നു മദ്ദളകേളി, തുടർന്ന് ശീവേലി എഴുന്നള്ളിപ്പ് എന്നിവയും ക്ഷേത്രാങ്കണത്തിൽ അരങ്ങേറി. ഇന്നു രാവിലെ 5.30 നു നാദസ്വരത്തോടെ നിറമാല ഉത്സവത്തിനു സമാപനമാകും.