95 ശതമാനവും പൂർത്തിയാക്കി തൃശൂർ; അഭിമാനനേട്ടം
1592802
Friday, September 19, 2025 1:31 AM IST
തൃശൂർ: കേരളത്തിന്റെ അതിദാരിദ്യ്ര നിർമാർജനപദ്ധതിയുടെ 95 ശതമാനവും പൂർത്തിയാക്കിയ ജില്ലയ്ക്ക് അഭിമാനനേട്ടം.
നവംബർ ഒന്നിന് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാനുള്ള സർക്കാർ ലക്ഷ്യത്തിന്റെ ഭാഗമായി ജില്ലയിൽ മൊത്തം 5,013 അതിദരിദ്രരെയാണു കണ്ടെത്തിയത്. ഇതിൽ 4,649 പേർക്ക് മൈക്രോപ്ലാൻ തയാറാക്കി. ഭക്ഷണത്തിനു ബുദ്ധിമുട്ടുള്ള 993 പേർക്കും വരുമാനം ഇല്ലാത്തവ 367 പേർക്കും 100 ശതമാനം സഹായംനൽകി ദാരിദ്യ്രത്തിൽനിന്നു മുക്തരാക്കി. ആരോഗ്യപരമായി ബുദ്ധിമുട്ടുള്ള 2,559 പേരിൽ 2,558 പേർക്കും (99.8 ശതമാനം) സഹായം ലഭ്യമാക്കി. ഭവനപുനരുദ്ധാരണത്തിന് അപേക്ഷിച്ച 495 പേർക്കും സഹായം ലഭ്യമാക്കി.
ഭവനം ആവശ്യമുള്ള 361 കുടുംബങ്ങളിൽ 346 പേർക്കു ഫണ്ട് ലഭ്യമാക്കിയിട്ടുണ്ട്. വീടും സ്ഥലവും ആവശ്യമുള്ള 372 പേരിൽ 174 പേർക്കു ഭവനനിർമാണം പൂർത്തീകരിച്ചു. 483 പേർക്കു ഭവനപുനരുദ്ധാരണം പൂർത്തീകരിച്ചു.
ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ 42 എണ്ണവും പദ്ധതി പൂർത്തിയാക്കി. ഒക്ടോബർ 15നകം ബാക്കിയുള്ളവ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്. അർഹരായവർക്കു റേഷൻ കാർഡ്, ആധാർ കാർഡ്, വോട്ടേഴ്സ് ഐഡി, സാമൂഹ്യസുരക്ഷാപെൻഷൻ, ബാങ്ക് അക്കൗണ്ട്, ഭിന്നശേഷി ഐഡി, തൊഴിൽ കാർഡ് ഉൾപ്പെടെയുള്ള അവശ്യരേഖകൾ ലഭ്യമാക്കി.
ചാലക്കുടി താലൂക്കിൽ 16 കുടുംബങ്ങളിൽ മൂന്നുപേർക്കു പട്ടയം ലഭിക്കുകയും 13 പേർക്കു ലാൻഡ് അക്വിസിഷൻ ഓർഡർ നൽകുകയും ചെയ്തു. കുന്നംകുളത്ത് 28 കുടുംബങ്ങളിൽ 14 പേർക്കു പട്ടയം ലഭിച്ചു. 14 പേർക്ക് ഉടൻ അനുവദിക്കും. തൃശൂർ താലൂക്കിൽ ആറു കുടുംബങ്ങളിൽ നാലുപേർക്കു പട്ടയം ലഭിച്ചു. രണ്ടുപേർക്കു പതിവു കമ്മിറ്റി കൂടിയശേഷം ലഭ്യമാക്കും. തലപ്പിള്ളിയിൽ ഒരു കുടുംബത്തിനു പട്ടയം ലഭിച്ചിട്ടുണ്ട്.
2021ൽ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സർവേ നടത്തി കണ്ടെത്തിയ ഗുണഭോക്താക്കളുടെ പട്ടിക അതതു ഭരണസമിതികൾ അർഹത പരിശോധിച്ച് അന്തിമമാക്കിയാണ് അതിദാരിദ്ര്യപട്ടിക തയാറാക്കിയത്.