മുണ്ടൂർ - പുറ്റേക്കര കുപ്പിക്കഴുത്ത്; ഭൂമി ഏറ്റെടുക്കാൻ 25.57 കോടി
1592818
Friday, September 19, 2025 1:32 AM IST
മുണ്ടൂർ: തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ മുണ്ടൂർ മുതൽ പുറ്റേക്കര വരെയുള്ള 1.8 കിലോമീറ്റർ ദൂരം കുപ്പിക്കഴുത്ത് പരിഹരിച്ച് നാലുവരി പാതയാക്കി വികസിപ്പിക്കുന്നതിന് ഭൂമി ഏറ്റെടുക്കാൻ 25 കോടി 57 ലക്ഷം രൂപ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അനുവദിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു.
ഭൂമിയുടെ വില, കെട്ടിടങ്ങളുടെയും ഫലവൃക്ഷങ്ങളുടെയും വില, പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള തുക ഉൾപ്പെടെയാണിത്. ഈ തുക പൊതുമരാമത്ത് വകുപ്പ് റവന്യു വകുപ്പിനു കൈമാറുന്നതോടെ 19(1) വിജ്ഞാപനം പുറപ്പെടുവിച്ച് ഭൂമിയേറ്റെടുക്കലിന്റെ അന്തിമ നടപടികളിലേക്കു കടക്കാനാകും.
177 സെന്റ്് ഭൂമിയാണു കുപ്പിക്കഴുത്ത് പരിഹരിച്ച് നാലുവരിപ്പാത നിർമിക്കുന്നതിനായി ഏറ്റെടുക്കുന്നത്. സെന്റിന് ഏകദേശം 5.5 ലക്ഷം രൂപയാണ് ഭൂമി വിലയായി നിശ്ചയിച്ചത്. ഇതിനോടൊപ്പം 100 ശതമാനം നഷ്ടപരിഹാരംകൂടി ചേർത്ത് ഒരു സെന്റിന് 11 ലക്ഷത്തോളം രൂപ ആകെ നഷ്ടപരിഹാരത്തുകയായി ലഭിക്കും.
ഭൂമി ഏറ്റെടുക്കലിനുള്ള 4(2) വിജ്ഞാപനം പുറപ്പെടുവിച്ച 2024 ഏപ്രിൽ മാസം മുതൽ 12 ശതമാനം പലിശ കണക്കാക്കി, ഈ പലിശത്തുക കൂടി നഷ്ടപരിഹാര തുകയോടൊപ്പം നൽകും. കെട്ടിടങ്ങളുടെ നഷ്ടപരിഹാരത്തിനായി 3.4 കോടി രൂപയും ഫലവൃക്ഷങ്ങളുടെ നഷ്ടപരിഹാരത്തിനായി 20 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമായി 23 ലക്ഷം രൂപയുടെ പാക്കേജും വകയിരുത്തിയിരിക്കുന്നു.
ഭൂമി ഏറ്റെടുത്ത് വീതി കൂട്ടുന്നതോടെ നിരന്തരം ഉണ്ടാകുന്ന അപകടങ്ങൾക്കും ഗതാഗത കുരുക്കിനും ശാശ്വത പരിഹാരമാകും. സംസ്ഥാനപാത 69ലെ 1.8 കിലോമീറ്റർ വരുന്ന മുണ്ടൂർ - പുറ്റേക്കര ഭാഗത്തെ ഈ റോഡ് നാലുവരിപ്പാതയാക്കി വികസിപ്പിക്കണമെന്ന ആവശ്യം ദീർഘകാലമായി നിലവിലുണ്ടായിരുന്നു.
സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഈ വിഷയം നിയമസഭയിൽ സബ്മിഷനായി ഉന്നയിക്കുകയും ചെയ്തിരുന്നു. റീബിൽഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായി കെഎസ്ടിപിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്ന തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാത റോഡ് നിർമാണത്തിന്റെ ഭാഗമായിത്തന്നെ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പറഞ്ഞു.