മുന്നൊരുക്കമില്ലാതെ ജില്ലാ സ്കൂൾ ഗെയിംസ് ഇന്നു കുന്നംകുളത്ത്
1592800
Friday, September 19, 2025 1:31 AM IST
സ്വന്തം ലേഖകൻ
തൃശൂർ: വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ജില്ലാ സ്കൂൾ ഗെയിംസിന് ഇന്നു കുന്നംകുളത്തു തുടക്കമാകുന്നു. പല വിദ്യാർഥികൾക്കും മത്സരത്തിനു മുന്നോടിയായുള്ള സെലക്ഷനിൽ പങ്കെടുക്കാനായില്ലെന്നാണ് ആക്ഷേപം. തിടുക്കപ്പെട്ട് ഒരുങ്ങേണ്ടിവന്ന വിദ്യാർഥികളിൽ പലരും മികച്ച നിലവാരം പുലർത്താനാകില്ലെന്ന മാനസികസമ്മർദത്തിലാണ്.
ഫുട്ബോൾ, തൈക്വോണ്ടോ, ബോക്സിംഗ്, റസ്ലിംഗ്, ടെന്നിക്കൊയ്റ്റ്, വോളിബോൾ, ജിംനാസ്റ്റിക് മത്സരങ്ങളാണ് ഇന്നുമുതൽ 23 വരെ നടക്കുക. എന്നാൽ മത്സരത്തീയതിയും മത്സരങ്ങൾക്കു തെരഞ്ഞെടുത്തവരുടെ പേരുകൾ ഡിഡിക്കു റിപ്പോർട്ട് ചെയ്യേണ്ട തീയതിയും സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് സ്കൂളുകൾക്കു നിർദേശം ലഭിച്ചത്.
ഫുട്ബോൾ സെലക്ഷൻ തീയതി ഇന്നലെയായിരുന്നു. ഇന്നാണു മത്സരം. ജില്ലയിലെ പല സ്കൂളുകളിലും വിദ്യാർഥികൾ സ്റ്റഡി ടൂറിലും മറ്റുമായതിനാൽ ഫുട്ബോൾ തത്പരരായ പലർക്കും സെലക്ഷനിൽ പങ്കെടുക്കാനായില്ലെന്നാണ് ആക്ഷേപം. ജില്ലയിലെ 12 ഉപജില്ലകളിൽനിന്നായി 18 പേരടങ്ങുന്ന ടീമുകളെയാണു മത്സരത്തിനു തെരഞ്ഞെടുത്തിരിക്കുന്നത്.
സ്കൂൾ, ഉപജില്ലാ മത്സരങ്ങൾക്കുശേഷം അതിൽനിന്നു തെരഞ്ഞെടുക്കുന്നവർക്കു പ്രത്യേകം ക്യാന്പ് നടത്തിയാണു ജില്ലാതല മത്സരത്തിലേക്കുള്ള ടീമുകളെ ഉപജില്ലകൾ സജ്ജമാക്കേണ്ടത്. മുൻവർഷങ്ങളിൽ പലപ്പോഴും ഇത്തരം മത്സരങ്ങളെല്ലാം തട്ടിക്കൂട്ടുപരിപാടിയായിട്ടാണെങ്കിലും നടത്താറുണ്ടായിരുന്നു.
ഇത്തവണ അത്രപോലും ആത്മാർഥതയില്ലാതെയാണ് ടീം ഒരുക്കിയത്. അതുകൊണ്ടുതന്നെ മത്സരങ്ങളിൽ മികച്ച നിലവാരം പുലർത്താൻ സാധിക്കില്ലെന്നു കായികാധ്യാപകർ ആശങ്ക പ്രകടിപ്പിച്ചു. വിദ്യാഭ്യാസവകുപ്പിന്റെ നിർദേശമനുസരിച്ച് തട്ടിക്കൂട്ടുടീമുകളെ തെരഞ്ഞെടുക്കേണ്ടിവന്നതിന്റെ മനോവിഷമത്തിലാണവർ.
ഇന്നും നാളെയും കുന്നംകുളം ജിവിഎച്ച്എസ്എസിൽ സീനിയർ ബോയ്സ്, വേലൂർ ജിആർഎസ്ആർവിഎച്ച്എസ്എസിൽ സീനിയർ ഗേൾസ് ഫുട്ബോൾ മത്സരങ്ങൾ നടക്കും. കുന്നംകുളം ജിവിഎച്ച്എസ്എസിൽ സബ്ജൂണിയർ, സീനിയർ വിഭാഗങ്ങളിലായി ബോയ്സ്, ഗേൾസ് തൈക്വോണ്ടോ മത്സരങ്ങളും നടക്കും. ഇവ രണ്ടിന്റെയും സെലക്ഷനുകളാണു കഴിഞ്ഞദിവസത്തെ നിർദേശത്തെതുടർന്ന് ഇന്നലെ നടത്തേണ്ടിവന്നത്.
നാളെ കൊടുങ്ങല്ലൂർ പ്രോസിറ്റ് ബോക്സിംഗ് അക്കാദമിയിൽ നടക്കുന്ന ജൂണിയർ ബോയ്സ്, ഗേൾസ് ബോക്സിംഗ് മത്സരാർഥികളുടെ പേരുകൾ ഇന്നാണു ഡിഡിക്കു കൈമാറേണ്ടത്.
നാളെ നടക്കുന്ന വോളിബോൾ മത്സരത്തിനുള്ള ടീമുകളെക്കുറിച്ച് ഇന്നും 22നുള്ള റസ്ലിംഗ് മത്സരാർഥികളുടെ വിവരങ്ങൾ 21നും 23നു നടക്കുന്ന ടെന്നിക്കൊയ്റ്റ് ടീം ലിസ്റ്റ് 22നും കൈമാറേണ്ടതുണ്ട്.