വടക്കഞ്ചേരിയിലെ പച്ചത്തുരുത്തുകൾ സന്ദർശിച്ച് അവാർഡ് കമ്മിറ്റി
1582408
Saturday, August 9, 2025 1:01 AM IST
വടക്കഞ്ചേരി: ഹരിതകേരള മിഷന്റെ പച്ചതുരുത്തുകളിൽ മികച്ചവ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി വടക്കഞ്ചേരി പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട മൂന്നു പച്ചതുരുത്തുകൾ സംസ്ഥാന- ജില്ലാതല സംഘം സന്ദർശിച്ച് വിലയിരുത്തൽ നടത്തി.
നവകേരള കർമപദ്ധതി ജില്ലാ കോ- ഓർഡിനേറ്റർ പി. സെയ്തലവി, മികച്ച പരിസ്ഥിതി പ്രവർത്തകൻ ഡോ. വാസുദേവൻപിള്ള, മറ്റു പ്രതിനിധികളായ മൂസക്കുട്ടി, ബ്ലോക്ക് റിസോഴ്സ് പേഴ്സൺ മീരാൻസാഹിബ്, എംഇഎൻആർഇഇ എസ് അക്രഡിറ്റഡ് എൻജിനീയർ കെ. ഫിനോയ്, ബിഎംസി കൺവീനർ കെ.എം. രാജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മംഗലംപാലം പുഴയോരത്ത് 2018 ഡിസംബർ 10നാണ് 950 മുളംതൈകൾ നട്ട് പച്ചതുരുത്ത് ആരംഭിച്ചത്. ഇപ്പോൾ ഇവിടെ 2450 മുളം തൈകളുണ്ട്.
150 സെന്റ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ പച്ചത്തുരുത്ത് ഹരിതകേരള മിഷന്റെയും തൊഴിലുറപ്പ് പദ്ധതിയുടെയും സംയുക്ത നേതൃത്വത്തിലാണ് സംരക്ഷിച്ചു വരുന്നത്. മംഗലം മൂച്ചിതൊടി പച്ചത്തുരുത്തിൽ വിവിധയിനത്തിൽപ്പെട്ട നാല്പതോളം മരങ്ങളും ചെടികളും ഉൾപ്പെടെ 550 തൈകൾ സംരക്ഷിച്ചു വരുന്നുണ്ട്.
പുതുകുളത്തിന്റെ ചുറ്റുമായുള്ള പച്ചതുരുത്തിൽ 3240 മുളം തൈകൾ സംരക്ഷിക്കപ്പെടുന്നുണ്ട്. കിഴക്കഞ്ചേരി പഞ്ചായത്തിലെ സിഎ യുപിഎസിലെ പച്ചത്തുരുത്തും പ്ലാച്ചികുളമ്പ് ജിഎൽപി സ്കൂളിലെ പച്ചത്തുരുത്തും ആലത്തൂർ ശ്രീ നാരായണ കോളജിലെ ശലഭോദ്യാനവും സംഘം സന്ദർശിച്ചു.