ഒറ്റപ്പാലം സോൺ ഉദ്ഘാടനം വള്ളിയോട് ശ്രീനാരായണ പബ്ലിക് സ്കൂളിൽ
1582418
Saturday, August 9, 2025 1:01 AM IST
വടക്കഞ്ചേരി: ദീപിക കളർ ഇന്ത്യ പെയിന്റിംഗ് മത്സരത്തിന് ഒറ്റപ്പാലം മേഖലയുടെ പ്രൗഢ പിന്തുണ. ഭാവി ഭാരതത്തിന് തങ്ങളുടെ സ്വപ്നങ്ങളിൽ ചാലിച്ച നിറക്കൂട്ടുകളിൽ പങ്കാളികളായത് ആയിരക്കണക്കിന് കുട്ടികൾ.
മേഖലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച് വടക്കഞ്ചേരി സെന്റ് ഫ്രാൻസിസ് സ്കൂളും ആലത്തൂർ ഹോളി ഫാമിലി സ്കൂളും പങ്കാളിത്തത്തിൽ മുന്നിൽ നിന്നു. വള്ളിയോട് ശ്രീ നാരായണ പബ്ലിക് സ്കൂളിൽ നടന്ന സോൺതല ഉദ്ഘാടനം വടക്കഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് കെ.പി. ബെന്നി നിർവഹിച്ചു.
രാജ്യത്തിന്റെ ഐക്യത്തിനും കൂട്ടായ്മകൾക്കും നിറംപകരാൻ ദീപിക നടത്തിവരുന്ന പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്ന് സിഐ പറഞ്ഞു. ലഹരിവിമുക്തമാകണം ജീവിതം. അതിൽപ്പെട്ടാൽ പിന്നെ വ്യക്തി മാത്രമല്ല കുടുംബവും സമൂഹവും വഴിതെറ്റും അദേഹം കുട്ടികളെ ഓർമിപ്പിച്ചു.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ അഡ്വ.വി.വി. വിജയൻ അധ്യക്ഷത വഹിച്ചു. പ്രമുഖ ആർട്ടിസ്റ്റും ചിത്രകലയിൽ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് ജേതാവും വടക്കഞ്ചേരി ഷാ ടവറിലുള്ള ആൻജലൊ ആർട്സ് കോളജ് പ്രിൻസിപ്പലുമായ എൻ.കെ. ശ്രീദേവി ചിത്രകലയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി.
പ്രതീക്ഷയുടെ സന്ദേശം ഉൾക്കൊള്ളുന്ന പ്രാവിന്റെ പടം സെക്കൻഡുകൾക്കുള്ളിൽ ബ്ലാക്ക് ബോർഡിൽ വരച്ച് ശ്രീദേവി ടീച്ചർ മത്സരത്തിന് ചന്തം ചാർത്തി. സ്കൂൾ മാനേജ്മെന്റ് ജനറൽ സെക്രട്ടറി എം.കെ. മോഹൻകുമാർ പാഠ്യേതര വിഷയങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് പ്രസംഗിച്ചു.
പ്രിൻസിപ്പൽ കെ. മായ സ്വാഗതവും ദീപിക ഏരിയ മാനേജർ ബെന്നി ജോസഫ് നന്ദിയും പറഞ്ഞു.
സ്കൂൾ മാനേജ്മെന്റ് ട്രഷറർ കെ. ഉണ്ണികൃഷ്ണൻ മാസ്റ്റർ, വൈസ് പ്രിൻസിപ്പൽ മോളി സെബാസ്റ്റ്യൻ, ദീപിക ഫ്രണ്ട്സ് ക്ലബ് ജില്ലാ സെക്രട്ടറി ജെയിംസ് പാറയിൽ മാസ്റ്റർ, റിപ്പോർട്ടർ ഫ്രാൻസിസ് തയ്യൂർ, സ്കൂൾ ലീഡർമാരായ എസ്. അഭിജിത്ത്, അവനിത രഘു തുടങ്ങിയവർ നേതൃത്വം നൽകി.