രുചി കൂടുതലുണ്ടോ... ശ്രദ്ധിച്ചാൽ നന്നായി!
1582135
Friday, August 8, 2025 1:19 AM IST
വടക്കഞ്ചേരി: ഭക്ഷണസാധനങ്ങൾക്ക് സ്വാഭാവിക രുചിയെക്കാൾ കൂടുതൽ രുചിയുണ്ടെങ്കിൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ധർ. ഓരോ ഭക്ഷണസാധനങ്ങൾക്കും അതിന്റേതായ രുചിയും നിറവുമുണ്ട്. അതിൽനിന്നു വ്യത്യസ്തമായി രുചി കൂടുതൽ തോന്നുന്നുണ്ടെങ്കിൽ അതു കൈപ്പുണ്യമല്ല മറിച്ച് മനുഷ്യശരീരത്തിനു ഹാനികരമാകുന്ന എന്തോ കൂടുതലായി ചേർത്തിട്ടുണ്ടെന്നു സംശയിക്കണം.
ചൂടോടുകൂടി കഴിക്കുമ്പോൾ അതിന്റെ പഴക്കം പെട്ടെന്ന് തിരിച്ചറിയാനാകില്ല. എന്നാൽ കഴിച്ചുകഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽതന്നെ കഴിച്ച ഭക്ഷണം പ്രശ്നക്കാരനാകാൻ തുടങ്ങും. ഛർദിയും വയറിളക്കവും വയറുവേദനയുമൊക്കെയായി ഭക്ഷണം വില്ലനായി മാറും. അപ്പോഴാണ് നെട്ടോട്ടമോടുക.
നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. ഇത്തരം ഭക്ഷണം നിലവാരമുള്ള ഹോട്ടലുകളിൽനിന്നു കഴിക്കണം. വഴിയോരങ്ങളിലെ ഭക്ഷണ സാധനങ്ങൾ വാങ്ങിക്കഴിക്കരുതെന്ന മുന്നറിയിപ്പുണ്ട്.
ബാക്കിവരുന്ന ഭക്ഷണസാധനങ്ങൾ ഫ്രീസറിൽ സൂക്ഷിച്ച് പിന്നീട് പല ദിവസങ്ങളിൽ ചൂടാക്കി വിതരണത്തിന് എടുക്കുന്നതാണ് ഭക്ഷ്യവിഷം എന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നത്. വൃത്തിഹീനമായ പാചകം, ഇഴജന്തുക്കൾവരെ താവളമാക്കുന്ന അടുക്കള, കേടുവന്ന മാംസം ഉപയോഗിച്ചുള്ള ഭക്ഷണമൊരുക്കൽ, നിരവധി തവണ ഉപയോഗിക്കുന്ന എണ്ണ, സ്വാദ് കൂട്ടാൻ ഉപയോഗിക്കുന്ന അജ്നോമോട്ടോയുടെ അമിത ഉപയോഗം ഇതെല്ലാം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
വീടുകളെല്ലാം രാത്രി കഴിയാനുള്ള സ്ഥലങ്ങളായി മാറ്റി ഭക്ഷണമെല്ലാം പുറമെനിന്ന് കഴിക്കുന്നവർ കൂടുതൽ ശ്രദ്ധിച്ചില്ലെങ്കിൽ കുട്ടികൾ ചെറുപ്രായത്തിൽതന്നെ രോഗികളാകുന്ന സ്ഥിതി ഉണ്ടാകും. പ്രായമായവരില്ലാതെ കുട്ടികൾമാത്രമാണ് ഭക്ഷണം കഴിക്കാൻ ഭക്ഷണശാലയിൽ കയറുന്നതെങ്കിൽ പഴയത് ചൂടാക്കിത്തന്ന് വഞ്ചിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്.
പാതയോരങ്ങളിലും മറ്റും വില്പന നടത്തുന്ന ഭക്ഷണസാധനങ്ങൾ സ്ഥിരമായി കഴിക്കുന്നതും രോഗം ക്ഷണിച്ചുവരുത്തുമെന്ന് ചൂണ്ടിക്കാട്ടുന്നു. ആഴ്ചകളും മാസങ്ങളും പഴക്കമുള്ള എണ്ണകളിലാണ് എണ്ണക്കടികൾ ഉണ്ടാക്കുന്നത്. അതു ചൂടപ്പംപോലെ വിൽക്കപ്പെടുന്നു. ദിവസവും നാലും അഞ്ചും കിലോ ശുദ്ധമായ വെളിച്ചെണ്ണ ചട്ടിയിൽ ഒഴിച്ച് ആരും എണ്ണക്കടികളുണ്ടാക്കുന്നില്ലെന്ന് ഓർക്കണം.
അജ്നോമോട്ടോയുടെ ഉപയോഗം വളരെ കൂടിയിട്ടുണ്ടെ്ന് വ്യാപാരികളും പറയുന്നു. അതിനാൽ അജ്നോമോട്ടോയുടെ വില്പനയും കൂടുതലാണ്. മത്സ്യം, പഴങ്ങൾ, പച്ചക്കറികൾ, ബേക്കറി സാധനങ്ങൾ തുടങ്ങിയവ കേടു വരാതിരിക്കാൻ മാരകമായ വിഷവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന കണ്ടെത്തലുകളുമുണ്ട്.