സ്കൂൾസമയങ്ങളിൽ ടിപ്പറുകളുടെ യാത്രയ്ക്ക് തടയിടണം: താലൂക്ക് വികസനസമിതി യോഗം
1581339
Tuesday, August 5, 2025 1:04 AM IST
ചിറ്റൂർ: നെന്മേനിയിൽ രണ്ടു ചാലുകളിൽ നിന്നും വെള്ളംഒഴുകി നൂറ് ഏക്കറിലധികം കൃഷിനാശം ഉണ്ടാവുന്നതായ പരാതിയിൽ രണ്ടു വർഷമായിട്ടും നടപടി ഉണ്ടാവുന്നില്ലെന്ന് താലൂക്ക് വികസനസമിതി യോഗത്തിൽ പാടശേഖര സമിതി ഭാരവാഹികളുടെ ആരോപണം.
ഇവിടെ ഭിത്തിനിർമിച്ച് സംരക്ഷിക്കാൻ ഫണ്ട് അനുവദിച്ചിട്ടും സ്ഥലം അളന്ന് തിട്ടപ്പെടുത്താൽ കഴിയാത്തതാണ് പ്രശ്നത്തിനു കാരണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
താലൂക്ക് സർവേയറുടെ സ്ഥലംമാറ്റവും പകരം ജീവനക്കാരൻ എത്താതതുമാണ് കാലതാമസത്തിനു കാരണമെന്ന് തഹസിൽദാർ അറിയിച്ചു. പുതിയതായി ആരംഭിച്ച വണ്ടിത്താവളം വില്ലേജ് ഓഫീസിനു സമീപമുള്ള ബിവറേജസിൽ നിന്നും മദ്യം വാങ്ങുകയും കനാൽ പരിസരത്ത് മദ്യം കുടിച്ച് ബഹളമുണ്ടാക്കുന്നതിനു അടിയന്തരപരിഹാരമുണ്ടാവണം.
മിക്ക സ്കൂൾ പരിസരങ്ങളിലും തെരുവ്നായ്ക്കളുടെ ശല്യം കൂടുന്നത് വിദ്യാർഥികളുടെ സഞ്ചാരം ഭീതിജനകമാകുന്നു. നിരോധനം ലംഘിച്ച് സ്കൂൾ ആരംഭിക്കുമ്പോഴും വിടുന്ന സമയത്തും ടിപ്പർ വാഹനങ്ങളുടെ മരണപ്പാച്ചിലിനു തടയിടണം. താലൂക്ക് ആശുപത്രിക്ക് കെട്ടിടസമുച്ചയം ശരിയാക്കിയിട്ടുണ്ടെങ്കിലും ജീവനക്കാരുടെ അഭാവം മൂലം രോഗികൾ വലയുന്നു.
അളന്ന നെല്ലിനു പണം നൽകാൻ കഴിയാത്തതിനാൽ അനുവദിക്കുന്ന പിആർഎസ് വായ്പയുടെ തിരിച്ചടവ് കർഷകരുടെ സിബിൽ സ്കോറിനെ ബാധിക്കുന്നതായും പരാതി ഉയർന്നു.
കെ. ബാബു എം എൽ എ അധ്യക്ഷത വഹിച്ചു.
തഹസിൽ എം.പി. ആനന്ദകുമാർ, ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ, സിപിഎം ഏരിയാ സെക്രട്ടറി ശിവ പ്രസാദ്, ജനതാദളിലെ എസ്. വിനോദ്കുമാർ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.