പാലക്കുഴിയിൽ കാട്ടുകൊമ്പന്റെ വിളയാട്ടം
1580960
Sunday, August 3, 2025 7:14 AM IST
വടക്കഞ്ചേരി: പാലക്കുഴി പിസിആറിൽ കാട്ടുകൊമ്പനിറങ്ങി വിളകൾ നശിപ്പിച്ചു. തോട്ടങ്ങളിലെ കടപ്ലാവിന്റെ തൊലി പത്തടിയിലേറെ ഉയരത്തിൽ കുത്തിപ്പൊളിച്ച് തിന്നിരിക്കുകയാണ്. തൊലിക്ക് ചെറിയ മധുരമുള്ളതാണ് ആനകൾക്ക് കടപ്ലാവ് ഇത്രയേറെ ഇഷ്ടപ്പെടാൻ കാരണമെന്നു പറയുന്നു.
തീറ്റയുടെ രസത്തിൽ മരത്തിൽനിന്നും പശ ഒഴുകുന്നതൊന്നും ആനകൾക്ക് പ്രശ്നമല്ല. വർഷങ്ങൾക്കു മുമ്പ് പിസിആറിൽ തന്നെ വനംവകുപ്പിന്റെ ക്യാമ്പ് ഷെഡ് ആന തകർത്തതിന് പിന്നിലും സമീപത്തുനിന്നിരുന്ന കടപ്ലാവ് മരമായിരുന്നു. കൃഷിയിടത്തിൽ കടപ്ലാവ് ഉണ്ടെങ്കിൽ അത് തിന്നു നശിപ്പിച്ചിട്ടെ വാഴയും മറ്റു വിളകളിലേക്കും ആനകൾ മാറൂ എന്നാണ് കർഷകരുടെ അനുഭവം. അതിനാൽ വനാതിർത്തിയിലോ ആനകൾ കാണുന്നിടത്തോ കടപ്ലാവ് വച്ച് പിടിപ്പിക്കാറില്ലെന്ന് കർഷകർ പറയുന്നു.
വനാതിർത്തിയിലെ ട്രഞ്ച് വഴിയാണ് ആന എത്തിയിട്ടുള്ളത്. ട്രഞ്ചിന്റെ വശങ്ങൾ ചവിട്ടി ഇടിച്ച് ഇറങ്ങി അതിലൂടെ നടന്ന് ഉയരം കുറഞ്ഞ സ്ഥലം വഴിയാണ് തോട്ടത്തിലേക്ക് കയറിയിട്ടുള്ളത്.
മൂന്ന് കിലോമീറ്റർ നടന്ന് പാലക്കുഴിയുടെ പ്രധാന സെന്ററുകളിലൊന്നായ മൂന്ന്മുക്കിനടുത്തുവരെ ആന എത്തിയിട്ടുണ്ട്. പെരുമാന്തടത്തിൽ തങ്കച്ചൻ, പാറേപുരക്കൽ ജോസഫ് (20 ന്റെ തോട്ടം), പൊട്ടനാനിയിൽ സേവ്യർ എന്നിവരുടെ തോട്ടങ്ങളിലെ വിളകളാണ് നശിപ്പിച്ചിട്ടുള്ളത്. ഇതിൽ സേവ്യറിന്റെ തോട്ടത്തിലെ വാഴകൾക്കാണ് കൂടുതൽ നാശം.