വിജനമായ റെയിൽപ്പാത മേഖലകളിൽ ഇനി റെയിൽവേയുടെ കനത്ത ജാഗ്രതാനിരീക്ഷണം
1580955
Sunday, August 3, 2025 7:14 AM IST
ഒറ്റപ്പാലം: റെയിൽപാതകൾ കടന്നുപോകുന്ന വിജനമായ പ്രദേശങ്ങളിൽ കനത്ത ജാഗ്രത പാലിക്കാൻ റെയിൽവേയുടെ നിർദേശം. റെയിൽവേ പോലീസും പ്രൊട്ടക്ഷൻ പോലീസിനും പുറമേ ലോക്കൽ പോലീസും ഇക്കാര്യങ്ങളിൽ ജാഗ്രത പുലർത്തും. റെയിൽവേയുടെ കീമാൻമാരും ഗ്യാംഗ്മാൻമാരും കൂടുതൽ ജാഗ്രത പുലർത്തണം.
ഈ മേഖലകളിൽ ആധുനിക സാങ്കേതിക വിദ്യകളും ഇതിനായി പ്രയോജനപ്പെടുത്തും. വിജനമായ മേഖലകളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കാനും നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഷൊർണൂർ-പാലക്കാട് റെയിൽവേപാതയിൽ പാളത്തിൽ കഴിഞ്ഞ ദിവസം ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തിയ സംഭവത്തെത്തുടർന്നാണ് നടപടികൾ ശക്തമാക്കുന്നത്. മായന്നൂർ പാലത്തിന് സമീപം സിസിടിവി കാമറകളും ഇതിനകം സ്ഥാപിച്ച് കഴിഞ്ഞു. കൂടാതെ കഴിഞ്ഞദിവസം മുതൽ ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. പോലീസ്, ആർപിഎഫ്, റെയിൽവേ പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് ഡ്രോൺ നിരീക്ഷണം നടത്തുന്നത്.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് നടപടി. ഒറ്റപ്പാലം, ഷൊർണൂർ റെയിൽവേ സ്റ്റേഷനുകൾ, ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തിയ മായന്നൂർ പാലത്തിന് സമീപത്തെ പ്രദേശം, പാളങ്ങൾ കടന്നുപോകുന്ന വിജനമായ പ്രദേശങ്ങൾ തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചാവും ഇനിമുതൽ പരിശോധനകൾ.
പ്രത്യേക പരിശീലനം ലഭിച്ച സംഘത്തിന്റെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്താനാണ് ലക്ഷ്യം. ട്രയിൻ അട്ടിമറി സാധ്യതകൾക്ക് പുറമെ പാളങ്ങൾക്ക് സമീപത്തെ മറ്റ് കുറ്റകൃത്യങ്ങളും ലഹരിക്കടത്തും ഉൾപ്പെടെ നിരീക്ഷിക്കുന്നുണ്ട്. ഒറ്റപ്പാലത്ത് പാളത്തിനപ്പുറത്ത് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പ്രദേശങ്ങളിലും നിരീക്ഷണം നടത്തുന്നുണ്ട്. മായന്നൂർ മേൽപ്പാലത്തിന് 300 മീറ്റർ മാറിയാണ് നേരത്തെ പാളത്തെയും കോൺക്രീറ്റ് സ്ലീപ്പറിനെയും ബന്ധിപ്പിക്കുന്ന അഞ്ച് ഇരുമ്പ് ഇആർ ക്ലിപ്പുകൾ കണ്ടെത്തിയത്.
രണ്ടുവർഷം മുൻപ് ഇവിടെ ട്രെയിനിനു നേരെ കല്ലേറും നടന്നിരുന്നു. ഈ ഭാഗത്തിനോട് ചേർന്നാണ് തമിഴ്നാട്ടിൽ നിന്നും കന്നുകാലി കച്ചവടത്തിന് വരുന്ന ഒരാളെ വെട്ടിയും കുത്തിയും കൊലപ്പെടുത്താൻ ഉള്ള ശ്രമം നടന്നത്. റെയിൽവേ സ്റ്റേഷൻ പരിസരപ്രദേശങ്ങൾ സാമൂഹ്യവിരുദ്ധരുടെ താവളമായി തീരുന്ന സാഹചര്യവും പോലീസ് ഗൗരവമായി കാണുന്നുണ്ട്. റെയിൽപാളത്തിൽ ഇരുമ്പ് ക്ലിപ്പുകൾ സ്ഥാപിച്ചത് അന്യസംസ്ഥാന തൊഴിലാളികൾ ആണെന്ന സൂചനയാണ് പോലീസ് നൽകുന്നത്.
ഇതിന് പിന്നിൽ ഗൂഢാലോചന അടക്കമുള്ള കാര്യങ്ങൾ നടന്നിട്ടുണ്ടോ എന്ന കാര്യവും അന്വേഷിച്ചുവരുന്നുണ്ട്. എന്നാൽ പ്രതികളെകുറിച്ച് ഇതുവരെയും പോലീസിന് ഒരു വിവരവും ലഭിച്ചിട്ടില്ല.