നെന്മാറയിൽ നെൽകൃഷിയിൽ കീടരോഗബാധകൾ ഒഴിയുന്നില്ല
1581090
Monday, August 4, 2025 1:09 AM IST
നെന്മാറ: നെൽകൃഷി മേഖലകളിൽ കീട രോഗബാധകൾ ഒഴിയുന്നില്ലെന്ന് കർഷകർ. ഒന്നാംവിള കൃഷിയിറക്കിയ നാൾ മുതൽ തുടങ്ങിയതാണ് കാർഷിക മേഖലയിലെ ദുരിതങ്ങൾ. ഇപ്പോൾ ഒരു മാസത്തിലേറെ പ്രായമായ നെൽപ്പാടങ്ങളിൽ കീടബാധകളും, വൈറസ്, ഫംഗസ് അസുഖങ്ങളും വ്യാപകമായി പടരുന്നു. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഏതെങ്കിലും അസുഖത്തിന് മരുന്ന് പ്രയോഗിക്കേണ്ട അവസ്ഥയിലാണ്.
നടീൽ കഴിഞ്ഞ ആദ്യ ആഴ്ചയിൽ ഞണ്ട് ശല്യത്തിനും, തുടർന്ന് ഓലകരിച്ചിൽ, പോള അഴുകൽ, തണ്ടു തുരപ്പൻ, വേരു ചീയൽ, വേരു പുഴു തുടങ്ങി വിവിധ രോഗ കീടബാധകൾക്ക് മാറിമാറി മരുന്നു തളിയും മറ്റും നടത്തിക്കൊണ്ടിരിക്കുകയാണ്.
ചെറുമഴയുള്ള സമയങ്ങളിൽ തളിച്ച മരുന്ന് മഴയിൽ ഒഴുകിപ്പോകുന്നതിനാൽ ഇലകളിൽ പിടിച്ചുനിൽക്കുന്നതിന് പശ ചേർത്ത് തളിക്കേണ്ടി വരുന്നുണ്ടെന്നും കർഷകർ പറയുന്നു. നെൽച്ചെടികൾ ഉള്ളിലേക്ക് വലിച്ചെടുക്കുന്ന അന്തർ വ്യാപന ശേഷിയുള്ള മരുന്നുകൾ വില കൂടുതലായതിനാൽ ബഹുഭൂരിപക്ഷം കർഷകരും വില കുറവ് നോക്കി സ്പർശനശേഷിയിൽ നശിക്കുന്ന കീടനാശിനികളാണ് ഉപയോഗിക്കുന്നത്.