ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികള്‍ അണിചേരണമെന്ന് എം.എം. ഹസന്
1580582
Saturday, August 2, 2025 12:51 AM IST
വടക്കഞ്ചേരി: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികള്‍ അണിചേരണമെന്നും സമൂഹത്തെയാകെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന ലഹരിക്കെതിരേ കുട്ടികളും മുതിര്‍ന്നവരും ഒറ്റക്കെട്ടായി പോരാടണമെന്നും കെപിസിസി മുന്‍ പ്രസിഡന്റ് എം.എം. ഹസന്.
വിദ്യാര്‍ഥികളിലും യുവാക്കളിലും വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ വ്യാപനത്തിനെതിരേ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഒരുലക്ഷംപേരുടെ ഒപ്പുശേഖരണം നടത്തുന്നതിന്റെ ഭാഗമായി ഗാന്ധിദര്‍ശന്‍ സമിതി ജില്ലാ കമ്മിറ്റി വള്ളിയോട് ശ്രീനാരായണ പബ്ലിക് സ്കൂളില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ സിഗ്നേച്ചര്‍ കാമ്പയിന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ജില്ലാ പ്രസിഡന്റ് എം. ഷാജു അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റും മുൻ മന്ത്രിയുമായ വി.സി. കബീര്‍മാസ്റ്റർ, സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു വടക്കുംപുറം, പ്രിന്‍സിപ്പൽ കെ. മായ, അഡ്വ.വി. വിജയന്, രാജന് മുണ്ടൂര്‍, എന്‍. അശോകന്, എം. മുരളീധരന്, വി. ഉണ്ണികൃഷ്ണന്‍മാസ്റ്റർ, ഗോകുല്‍ദാസ് പ്രസംഗിച്ചു.