സംസ്ഥാനത്തു സാനിറ്ററി മാലിന്യം സംസ്കരിക്കാൻ നാല് പ്ലാന്റുകൾ ആരംഭിക്കും: മന്ത്രി
1580964
Sunday, August 3, 2025 7:14 AM IST
പാലക്കാട്: സംസ്ഥാനത്ത് സാനിറ്ററി മാലിന്യം സംസ്കരിക്കാനായി നാലു പ്ലാന്റുകൾ പുതുതായി ആരംഭിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് സംയുക്ത പദ്ധതിയായി ഏറ്റെടുത്ത് നിർമാണം പൂർത്തിയാക്കിയ മൃഗപ്രജനന നിയന്ത്രണ കേന്ദ്രം കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കണ്ണൂർ, മലപ്പുറം, എറണാകുളം, കൊല്ലം ജില്ലകളിൽ ആരംഭിക്കുന്ന ഈ പ്ലാന്റുകളിൽ പ്രതിദിനം 100 ടണ് സാനിറ്ററി മാലിന്യം സംസ്കരിക്കാൻ സാധിക്കും. ഇവയുടെ നിർമാണം അഞ്ചുമാസത്തിനുള്ളിൽ പൂർത്തിയാക്കും. ഇതോടെ സംസ്ഥാനത്തെ സാനിറ്ററി മാലിന്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ശുചിത്വസംരക്ഷണത്തിൽ സമൂഹം വളരെ മുന്നോട്ട് പോയി. രാജ്യത്ത് ഏറ്റവും വൃത്തിയുള്ള 100 നഗരങ്ങളിൽ എട്ടെണ്ണം കേരളത്തിൽ നിന്നാണെന്നുള്ളത് അഭിനന്ദനാർഹമാണെന്നും മന്ത്രി കൂട്ടിചേർത്തു. ജില്ലയിൽ പ്രവർത്തിക്കുന്ന ഒറ്റപ്പാലം, ആലത്തൂർ, ചിറ്റൂർ, പാലക്കാട് എന്നിവിടങ്ങളിലെ നാല് എബിസി കേന്ദ്രങ്ങളിൽ് പ്രതിവർഷം ആറായിരത്തോളം നായകളെ വന്ധ്യംകരിക്കാൻ സാധിക്കും. വീടുകളിൽ ജൈവമാലിന്യം സംസ്കരിക്കാൻ സൗകര്യം ഒരുക്കുന്നവർക്ക് അഞ്ചു ശതമാനം നികുതിയളവ് നൽകുമെന്നും അന്പതിനായിരത്തോളം വിദ്യാർത്ഥികൾക്ക് ശുചിത്വ സ്കോളർഷിപ്പ് ഏർപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജില്ലയിൽ നാല് എബിസി സെന്ററുകളാണ് പ്രവർത്തിക്കുന്നത്. ജില്ലയിൽ അഞ്ചാമത്തെ സെന്ററാണ് പറളിയിലേത്. ഓരോ സെന്ററുകളിലുമായി 120 ഓളം നായ്ക്കളെ വന്ധ്യംകരണം നടത്തുന്നു. അടുത്ത മാസത്തോടുകൂടി പട്ടാന്പിയിലെയും, ഡിസംബറോടെ മണ്ണാർക്കാടുമുള്ള കേന്ദ്രങ്ങളുടെ നിർമാണം പൂർത്തിയാവും. ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ, ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ, ഗ്രാമപഞ്ചായത്ത് മൂന്നര ലക്ഷം രൂപ എന്നിങ്ങനെ ഫണ്ട് വകയിരുത്തിയാണ് സെന്ററുകൾ പ്രവർത്തിക്കുന്നത്. പറളി ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപത്തിൽനടന്ന പരിപാടിയിൽ കെ. ശാന്തകുമാരി എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ മുഖ്യാതിഥിയായി.