കുടിവെള്ള പൈപ്പ് നന്നാക്കാൻ അമിതനിരക്കെന്ന് പരാതി
1580954
Sunday, August 3, 2025 7:14 AM IST
കൊഴിഞ്ഞാമ്പാറ: കുടിവെള്ള പൈപ്പ് നന്നാക്കുന്നതിന് കരാറുകാർ തോന്നിയപോലെ പണം ഈടാക്കുന്നതായി ആരോപണ മുന്നയിച്ച് ബിജെപി പ്രവർത്തകർ വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എൻജിനീയറെ ഉപരോധിച്ചു. വീടുകളിലേക്കുള്ള പൈപ്പ് കണക്ഷനിൽ വരുന്ന അറ്റകുറ്റപ്പണികൾക്ക് അമിതമായ പണം ഈടാക്കുന്നു.
ചെറിയ തോതിലുള്ള അറ്റകുറ്റപണികൾക്കും 1000 രൂപ നിർബന്ധമായും ആവശ്യപ്പെടുകയാണെന്നാണ് പരാതി. നൽകുന്ന സംഖ്യക്ക് റസീറ്റ് നൽകാറുമില്ല. ഈ കാര്യങ്ങൾ ഉന്നയിച്ച് ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകൽ വാട്ടർ അഥോറിറ്റി അസി. എൻജിനീയറുടെ കാര്യാലയത്തിൽ എത്തി സമരത്തിൽ എർപ്പെട്ടത്. പണം അടക്കാത്തതിനാൽ ഫെബ്രുവരിയിൽ കണക്ഷൻ കട്ട് ചെയ്തിരുന്നു. അപ്പോൾതന്നെ പിഴ അടക്കമുള്ള മുഴുവൻ തുകയും അടച്ചിട്ടും അഞ്ചുമാസം കഴിഞ്ഞും കണക്ഷൻ നൽകിയില്ലെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എ.കെ. ഓമനക്കുട്ടൻ ആരോപിച്ചു.
കണക്ഷൻ നൽകാൻ വന്നവരോട് അവരുടെ കൂലിയായി ആവശ്യപ്പെട്ട തുകയ്ക്ക് രശീതി നൽകണമെന്ന് അറിയിച്ചതോടെ അവർ പിന്നീട് വരാമെന്ന് പറഞ്ഞ് പോയതാണ്. കെ.ശ്രീകുമാർ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ.ഷിനു, ബിജെപി കൊഴിഞ്ഞാമ്പാറ മണ്ഡലം ജനറൽ സെക്രട്ടറി പി.വിചിത്രൻ, കെ. ഷിബു എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ഉപരോധ സമരം നടന്നത്.