കുണ്ടും കുഴിയും നിറഞ്ഞ് ഒറ്റപ്പാലത്തെ റോഡുകൾ
1580946
Sunday, August 3, 2025 7:14 AM IST
ഒറ്റപ്പാലം: നവീകരണം കാര്യക്ഷമമായില്ല, പാതയിലാകെ കുഴികൾ. രണ്ടുമാസം മുൻപ് നവീകരിച്ച പാതയിലാണ് കുഴികൾ രൂപപ്പെത്. പാലാട്ട് റോഡ് വഴി പൂളക്കാപ്പറമ്പ് മയിലുംപുറം പോകുന്ന പാതയിലാണ് കുഴികൾ നിറഞ്ഞത്. ബസുകൾ ഉൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന നഗരസഭ റോഡാണ് നവീകരിച്ചയുടൻ തകർന്നത്.
വീതികുറഞ്ഞ റോഡിൽ വളവുകളിൽ അടക്കം കുഴികൾ രൂപപ്പെട്ടത് അപകടഭീഷണി ഉയർത്തുന്നുണ്ട്. വാഹനങ്ങൾ കുഴി ഒഴിവാക്കി യാത്ര ചെയ്യാൻ ശ്രമിക്കുന്നത് അപകടത്തിന് കാരണമാകുന്നു. നവീകരണത്തിന് പിന്നാലെ മണ്ണുമാന്തിയന്ത്രം കടന്നുപോയതാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ നിർമാണത്തിൽ അപാകമുണ്ടെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. കരാറുകാരന് പണം കൈമാറിയിട്ടില്ലെന്നും തകരാർ പരിഹരിക്കാൻ നിർദേശം നൽകിയതായും നഗരസഭ അധികൃതർ അറിയിച്ചു.