വർഷക്കാലത്തും കുടിവെള്ളമില്ല; പ്രതിഷേധവുമായി വരോട് നിവാസികൾ
1580949
Sunday, August 3, 2025 7:14 AM IST
ഒറ്റപ്പാലം: വർഷക്കാലത്തും കുടിവെള്ളത്തിന് വേണ്ടി സമരരംഗത്തിറങ്ങേണ്ട ഗതികേടിൽ വരോട് നിവാസികൾ. മഴ പെയ്യുമ്പോൾ കുളിക്കാനും മറ്റ് കാര്യങ്ങൾക്കും മഴവെള്ളം സംഭരിക്കുന്ന പ്രദേശത്തുകാർ മഴവെള്ളം സംഭരിച്ച് ചൂടാക്കിയും ഉപയോഗിക്കേണ്ട ഗതികേടിലാണ്.
നാട്ടിലെ പുഴയും തോടും കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറുമോയെന്ന ഭീതിയിൽ കഴിയുന്ന ഒറ്റപ്പാലം നഗരത്തിന്റെ ഒരു ഭാഗത്ത് ഈ അവസ്ഥയും മറുഭാഗത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമവുമാണ് ബാക്കിപത്രം. വരോട് മേഖലയിൽ ഒരു മാസത്തിനടുത്തായി കുടുംബങ്ങൾക്ക് കുടിവെള്ളമില്ലാത്ത സ്ഥിതിയാണ്.
അഞ്ഞൂറിനടുത്ത് കുടുംബങ്ങൾക്കാണ് കുടിവെള്ളമെത്താത്തത്. തുടർന്നാണ് വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ വാട്ടർ അഥോറിറ്റി ഓഫീസിൽ പ്രതിഷേധം നടന്നത്. വീട്ടാംപാറ വാർഡിൽ ഷാപ്പുപടി, കൃഷ്ണൻകുട്ടി മാഷ് റോഡ്, വരോട് വാർഡിൽ അത്താണി, നാലാം മൈൽ, തേക്കിൻകാട്, വാരിയത്തുപടി, കാഞ്ഞിരപ്പുഴ കനാൽഭാഗം തുടങ്ങിയ സ്ഥലങ്ങളിലെ കുടുംബങ്ങളാണ് വെള്ളമില്ലാതെ ബുദ്ധിമുട്ടുന്നത്.
ഒറ്റപ്പാലം-ചെർപ്പുളശേരി റോഡ് നവീകരണത്തിന്റെ ഭാഗമായി വിതരണപൈപ്പ് പൊട്ടിയതാണ് വെള്ളമെത്താത്തതിന് കാരണമെന്നാണ് അധികൃതരുടെ വാദം. തകരാർ ശ്രദ്ധയിൽപ്പെട്ടാലും പരിഹരിക്കാൻ വൈകുന്നുവെന്നാണ് മറുപക്ഷ ആരോപണം. പ്രശ്നം ഉടൻ പരിഹരിച്ച് ജലവിതരണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് നഗരസഭാ കൗൺസിലർമാർ പ്രതിഷേധിച്ചത്. മഴയിൽ തടയണ നിറഞ്ഞുകവിഞ്ഞാണ് വെള്ളമൊഴുകുന്നത്. എന്നിട്ടാണ് വെള്ളമെത്താത്ത പ്രശ്നം.