സബ് ജയിലിനുചുറ്റും വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നു സബ് കളക്ടറുടെ നിർദേശം
1580953
Sunday, August 3, 2025 7:14 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലം കോടതി പരിസരത്തെത്തുന്നവരുടെ ശ്രദ്ധയ്ക്ക്. സബ്ജയിലിനുസമീപം വാഹനങ്ങൾ നിർത്തിയിട്ടാൽ പണം പോകും. ഇവിടം പാർക്കിംഗ് നിരോധിത മേഖലയാണെന്നാണ് ചട്ടം. ഇക്കാര്യം ശ്രദ്ധിക്കാതെ വാഹനങ്ങൾ നിർത്തിയിട്ടതിന് ഉടമകളിൽനിന്ന് പോലീസ് കഴിഞ്ഞദിവസം പിഴ ചുമത്തിയിരുന്നു.
സബ് കളക്ടറുടെ നിർദേശപ്രകാരം സ്ഥാപിച്ച ‘നോ പാർക്കിംഗ്’ ബോർഡിനുതാഴെ നിർത്തിയിട്ട വാഹനങ്ങളുടെ ഉടമകളിൽനിന്നാണ് പിഴയീടാക്കിയത്. ഒറ്റപ്പാലം താലൂക്ക് ഒാഫീസ്, സബ് കളക്ടറുടെ ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി എന്നിവ പ്രവർത്തിക്കുന്നത് ഈ റോഡിലാണ്.
വീതികുറഞ്ഞ റോഡിൽ ജയിലിന്റെ മതിലിനോടുചേർന്നും മറുഭാഗത്തും വാഹനങ്ങൾ നിർത്തിയിടുന്നത് ഔദ്യോഗികവാഹനങ്ങൾ കടന്നുപോകുന്നതിന് തടസം സൃഷ്ടിക്കാറുണ്ട്. സർക്കാർ ഓഫീസുകളും കോടതികളുമടക്കം പ്രവർത്തിക്കുന്ന ഈ ഭാഗത്തേക്ക് നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും എത്തുന്നത്. കോടതിക്കു മുൻവശത്തെ സ്ഥലത്തും റോഡരികിലുമൊക്കെയാണ് വാഹനങ്ങൾ നിർത്താറുള്ളത്. മജിസ്ട്രേറ്റ് കോടതിയിലേക്ക് പോകണമെങ്കിലും വാഹനങ്ങൾ ഇവിടെയെവിടെയെങ്കിലും നിർത്തണം.
അനധികൃതപാർക്കിംഗ് ശ്രദ്ധയിൽപ്പെട്ട ഒറ്റപ്പാലം തഹസിൽദാർ നടപടിയെടുക്കാൻ പോലീസിനോട് നിർദേശിക്കുകയായിരുന്നു. നോ പാർക്കിംഗ് ബോർഡിന് താഴെ വാഹനങ്ങൾ നിർത്തിയിട്ടാൽ ഇനിയും പിഴയീടാക്കുമെന്ന് പോലീസ് അറിയിച്ചു. ഒറ്റപ്പാലത്തെ കോടതി പറമ്പിൽ സ്ഥിതിചെയ്യുന്ന വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് എത്താൻ ആളുകൾക്ക് വലിയ പ്രയാസം ഉണ്ട്. ഗതാഗതതടസം തന്നെയാണ് ഇതിന് കാരണം. ഇതുകൊണ്ടുതന്നെ പലരും കോടതിപറമ്പിലാണ് വാഹനങ്ങൾ നടത്തിയിരുന്നത്.