സ്വകാര്യസ്ഥാപനം ജപ്തിചെയ്ത വീട് ഡിവൈഎഫ്ഐ പ്രവർത്തകർ പൂട്ടുതകർത്ത് തുറന്നുകൊടുത്തു
1580589
Saturday, August 2, 2025 12:51 AM IST
നെന്മാറ: സ്വകാര്യ ധനകാര്യ സ്ഥാപനം വീട് ജപ്തിചെയത് സീൽ ചെയ്ത പൂട്ടിയ വീട് ഡിവൈഎഫ്ഐ പ്രവർത്തകർ പൂട്ട് തകർത്ത് വീട്ടുകാരെ വീട്ടിൽ കയറ്റിയിരുത്തി. അയിലൂർ കരിങ്കുളം സതീഷ്-സജിതകുമാരി ദമ്പതികളുടെ വീട് വ്യാഴാഴ്ചയാണ് ജപ്തിചെയ്തത്. വീട്ടുകാർ ജോലിക്കു പോയപ്പോഴാണ് സ്വകാര്യ ധനകാര്യസ്ഥാപന ജീവനക്കാർ ജപ്തി ചെയ്തത്.
ഒമ്പതാം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന കുട്ടികൾ സ്കൂളിൽനിന്ന് വന്നപ്പോൾ വീട് അടച്ചിട്ടതുകണ്ട് പുറത്തുനിൽക്കുമ്പോഴാണ് കുട്ടികൾ പഠിക്കുന്ന സ്കൂളിലെ അധ്യാപകരും പിടിഎ ഭാരവാഹികളും ഡിവൈഎഫ്ഐ പ്രവർത്തകരെ വിവരമറിയിച്ചത്.
വിവരമറിഞ്ഞ് എത്തിയ പ്രവർത്തകരുടെ നേതൃത്വത്തിൽ വീടിന്റെ പൂട്ട് തകർത്ത് കുടുംബത്തെ വീടിനകത്തു കയറ്റി. ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ ആർ. രാഹുൽ, ലോക്കൽ കമ്മിറ്റി അംഗം സുരേഷ് തളിപ്പാടം, ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് എ. റഫീഖ്, മേഖല എക്സിക്യൂട്ടീവ് അംഗം ശരത് മാങ്കുശി എന്നിവരാണ് കുടുംബക്കാരെ വീടിനകത്ത് കയറ്റിയത്.
സമീപത്തുള്ള കുട്ടികളുടെ മുത്തശിയെയും വിളിച്ചുവരുത്തിയാണ് വീട്ടിൽ വിദ്യാർഥികളെ താമസിപ്പിച്ചത്. വിദ്യാർഥികളെ ഉൾപ്പെടെ വീട്ടിനു പുറത്താക്കി ഗൃഹനാഥൻപോലും സ്ഥലത്തില്ലാത്ത സമയത്ത് യാതൊരു മുന്നറിയിപ്പുമില്ലാതെ വീട് പൂട്ടിയതിനെതിരേ ഡിവൈഎഫ്ഐ നടപടി ആവശ്യപ്പെട്ടു.
വായ്പാ കുടിശിക അടയ്ക്കാൻ സാവകാശം നൽകണമെന്നാവശ്യപ്പെട്ട ഡിവൈഎഫ്ഐ വീട്ടുകാരില്ലാത്ത സമയത്ത് വിദ്യാർഥികളെ സുരക്ഷ പോലും പരിഗണിക്കാതെ വീടിനു പുറത്താക്കിയ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി.