"റെഡ് റണ്‍’ മാരത്തണിൽ മികച്ച പങ്കാളിത്തം
1580584
Saturday, August 2, 2025 12:51 AM IST
പാലക്കാട്: ജില്ലാതല യൂത്ത് ഫെസ്റ്റിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ജില്ലാ എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റി, ജില്ലാ നാഷണൽ സർവീസ് സ്കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മലന്പുഴ റോക്ക് ഗാർഡൻ റോഡിൽ റെഡ് റണ്‍ മാരത്തണ്‍ സംഘടിപ്പിച്ചു.
മലന്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ മാരത്തണ്‍ ഫ്ലാഗ് ഓഫ് ചെയ്തു. മത്സര വിജയികൾക്ക് വാളയാർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ആർ.എസ്. പ്രവീണ്‍ സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു.
ജില്ലാ എയ്ഡ്സ് കണ്ട്രോൾ ഓഫീസർ ഡോ.ബി. റിയാസ്, കേരള എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റി പാലക്കാട് ക്ലസ്റ്റർ പ്രോഗ്രാം മാനേജർ എസ്. സുനിൽകുമാർ, സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ അംഗം എം. രാമചന്ദ്രൻ, ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ എസ്. സയന്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ കെ. ഷെരീഫ്, വി.എം. അരുണ്‍, ഡോ.എം.ജെ. എൽദോസ്, ഡെപ്യൂട്ടി എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർമാരായ രജീന രാമകൃഷ്ണൻ, പി.പി. രജിത തുടങ്ങിയവർ മാരത്തണിനു നേതൃത്വം നൽകി.
പെണ്‍കുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് മേഴ്സി കോളജിലെ ഐറിൻ തോമസ് ഒന്നാം സ്ഥാനവും ഗവ. വിക്ടോറിയ കോളജിലെ നേഹ കെ. ദാസ് രണ്ടാം സ്ഥാനവും മേഴ്സി കോളജിലെ പി.എം. അനുശ്രീ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ആണ്‍കുട്ടികളുടെ വിഭാഗത്തിൽ ഗവ. വിക്ടോറിയ കോളജിലെ എ. അരുണ്‍കുമാർ ഒന്നാം സ്ഥാനവും സി.ആർ. അർജുൻ രണ്ടാം സ്ഥാനവും ധോണി ക്രിസ്റ്റഫർ ഐടിഐയിലെ പി.എസ്. നവനീത് മൂന്നാംസ്ഥാനവും നേടി.
ജില്ലാതല വിജയികൾക്ക് 11 ന് തൃശൂരിൽ നടക്കുന്ന സംസ്ഥാനതല യൂത്ത് ഫെസ്റ്റിൽ മത്സരിക്കാനും അവസരം ലഭിക്കും.