ആലാംകടവ് പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട രണ്ടു കോളജ് വിദ്യാർഥികളെ ഫയർഫോഴ്സ് രക്ഷിച്ചു
1580963
Sunday, August 3, 2025 7:14 AM IST
ചിറ്റൂർ: ആലാംകടവ് പുഴയിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശികളായ രണ്ടു കോളജ് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. തിരുനെൽവേലി സ്വദേശി വിഘ്നേശ് (21), മിഖിലേഷ് (21) എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
ഇന്നലെ വൈകുന്നേരം അഞ്ചിന് ആലാംകടവ് പുഴയിൽ തടയണ ഭാഗത്താണ് അപകടം. തമിഴ്നാട്ടിൽ നിന്നും 13 പേരടങ്ങിയ ഉല്ലാസസംഘത്തിൽപ്പെട്ട രണ്ടു വിദ്യാർഥികളാണ് പുഴയിൽ കുളിക്കാനിറങ്ങിയത്.
പരന്നൊഴുകിയ പുഴയുടെ മധ്യഭാഗത്ത് ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. അപകടാവസ്ഥ മനസിലാക്കി കൂടെവന്നവർ ബഹളംവെച്ചതിനെ തുടർന്ന് സംഭസ്ഥലത്തുണ്ടായിരുന്നവരാണ് വിവരം നാട്ടുകാരെ അറിയിച്ചത്.
സംഭവസ്ഥലത്ത് കുതിച്ചെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ പുഴയുടെ മധ്യഭാഗത്തുണ്ടായിരുന്നവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിനിർത്തി.
പിന്നീട് റോപ്പ് ഉപയോഗിച്ച് ഇരുവരേയും സുരക്ഷിതമായി കരയിലെത്തിച്ചു. സ്റ്റേഷൻ ഓഫീസർ ജി. മധു, എസ്എഫ്ആർഒ സതീഷ് കുമാർ, എഫ്എഫ്ഒ മാരായ പ്രതീഷ്, ജിജു, ലിജു, മനോജ് എന്നിവരടങ്ങിയ അഗ്നിരക്ഷ സേനയാണ് ഇരുവരേയും രക്ഷപ്പെടുത്തിയത്. ചിറ്റൂർ ഫയർഫോഴ്സ് സേനാംഗങ്ങളേയും നാട്ടുകാരേയും നന്ദി അറിയിച്ച് കോളജ് വിദ്യാർഥികൾ നാട്ടിലേക്ക് തിരിച്ചുപോയി.
ആലാംകടവിൽ ഒഴുക്കിൽപ്പെട്ട് മുന്പ് ആന്ധ്രാ സ്വദേശികളായ രണ്ടുപേർ മരണപ്പെട്ടിരുന്നു. പത്തിലധികം പേരെ അഗ്നിരക്ഷാസേനയുടെ സാഹസീയ രക്ഷാപ്രവർത്തനത്തിലൂടെ രക്ഷപ്പെടുത്തിയ സംഭവങ്ങൾ നടന്നിട്ടുണ്ട്. ചിറ്റൂർ പുഴയിൽ ജലനിരപ്പ് കൂടുമ്പോഴെല്ലാം ആലാംകടവിൽ കുളിക്കാനിറങ്ങുന്നവർ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ തുടർന്നുവരുന്നതിനാൽ ഇത് ഫലപ്രദമായ നടപടികൾ ജലസേചനവകുപ്പ് അധികൃതരിൽനിന്നുണ്ടാവണമെന്ന ജനകീയാവശ്യം ശക്തമാണ്.