കരിമ്പ പഞ്ചായത്തിലെ വോട്ടർപട്ടികയിൽ വ്യാപകമായ ക്രമക്കേട്: യുഡിഎഫ്
1580952
Sunday, August 3, 2025 7:14 AM IST
കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിലെ വോട്ടർപട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയതായി യുഡിഎഫ് കരിമ്പ മണ്ഡലം കമ്മിറ്റി ആരോപിച്ചു. വാർഡിന്റെ അതിർത്തികൾക്ക് അപ്പുറത്ത് കൂട്ടമായി വോട്ടുകൾ ഉണ്ടെന്നും പല വാർഡുകളിലും ഉള്ള ആളുകളുടെ പേരുകൾ മറ്റ് പല വാർഡുകളിലാണ് കൂട്ടിച്ചേർക്കപ്പെട്ടിട്ടുള്ളത് എന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
ഒരാളുടെ പേര് തന്നെ ഒന്നിലധികം വാർഡുകളിൽ കിടക്കുന്നുണ്ടെന്നും പലരുടെയും പേരുകൾ ലിസ്റ്റിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഓരോ വാർഡിലും വീടുകളുടെ എണ്ണത്തിലുള്ള വ്യത്യാസം പത്ത് ശതമാനത്തിലധികമാകരുതെന്ന ഇലക്ഷൻ കമ്മീഷന്റെ നിർദേശം മറികടന്ന് ചിലവാർഡുകളിൽ ആയിരത്തിൽ താഴെ വോട്ടുകളും ചിലവാർഡുകളിൽ 1500 ഓളം വോട്ടുകളും ആണുള്ളത്.
ഇത് ഭരണപക്ഷത്തിന്റെ വ്യാപകമായ ഇടപെടൽ ആണെന്നും അതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി യുഡിഎഫ് രംഗത്ത് വരുമെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.
യുഡിഎഫ് ചെയർമാൻ കെ.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ആന്റണി മതിപ്പുറം, പി.കെ. അബ്ദുള്ളക്കുട്ടി, വി.കെ. ഷൈജു, എം.കെ. മുഹമ്മദ് ഇബ്രാഹിം, പി.കെ.എം. മുസ്തഫ, സി.എം. നൗഷാദ്, യൂസഫ് പാലക്കൽ, സി.കെ. മുഹമ്മദ് മുസ്തഫ, മുഹമ്മദ് ഹാരിസ്, മാത്യു കല്ലടിക്കോട്, വി.സി. ഉസ്മാൻ, യൂസഫ് ചൂരക്കോട്, ജെന്നി ജോൺ, പി. സുരേഷ്, ഇസ്മയിൽ എന്നിവർ പ്രസംഗിച്ചു.