കല്യാണമണ്ഡപത്തിനായി ജനങ്ങളുടെ കാത്തിരിപ്പ് നീളുന്നു
1581093
Monday, August 4, 2025 1:09 AM IST
ജോജി തോമസ്
നെന്മാറ: പഞ്ചായത്ത് കല്യാണ മണ്ഡപവും തിയേറ്റർ കെട്ടിട നിർമാണവും വർഷങ്ങളായി പണിതീരാതെ കിടക്കുകയാണ്. നെന്മാറ പഞ്ചായത്തും എംഎൽഎയും സാങ്കേതിക കാരണങ്ങൾ നിരത്തുന്നുണ്ടെങ്കിലും നിർമ്മാണ പ്രവർത്തി വർഷങ്ങളായി മുടങ്ങിക്കിടക്കുന്നു. കെ.ബാബു എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും വകയിരുത്തിയ 3.35കോടി രൂപയിൽ ആദ്യഘട്ടമായി അനുവദിച്ച രണ്ടു കോടി രൂപയുടെ പ്രവൃത്തി പൂർത്തിയായെങ്കിലും അടുത്ത ഘട്ടമായി അനുവദിച്ച ഒരു കോടി രൂപയുടെ കരാർ നടപടികൾ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് നിലച്ചത്. നാലുനില വരെ ഉയർത്താൻ കഴിയുന്നവിധം 62 തൂണുകളിലുള്ള നിർമാണമാണ് നടന്നുവന്നത്. 500 പേർക്ക് ഇരിക്കാവുന്ന10,000 ചതുരശ്ര അടി വിസ്തീർണം വരുന്ന കെട്ടിടത്തിൽ രണ്ടാംനിലയിൽ കല്യാണ മണ്ഡപം കൂടാതെ താമസിക്കാനുള്ള മുറികളും മുകൾ ഭാഗത്ത് മിനി തിയേറ്ററുകളും അടങ്ങിയതാണ് പദ്ധതി.
2022 വരെയാണ് നിർമാണ കാലാവധി കാലാവധി ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ മൂന്നു വർഷമായി കാര്യമായ ജോലികൾ ഒന്നും മുന്നോട്ടു പോയില്ല. നെന്മാറ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ വക്കാവ് റോഡിൽ നിർമലഭവൻ കോൺവെന്റ് സ്കൂളിനു സമീപമായി 55 സെന്റ് സ്ഥലത്തുണ്ടായിരുന്ന പഴയ പഞ്ചായത്ത് കല്യാണമണ്ഡപം പൊളിച്ചു നീക്കിയാണ് പുതിയ കെട്ടിടം പണിയുന്നത്. നെന്മാറ പഞ്ചായത്ത് ഭരണസമിതിയും സ്ഥലം എംഎൽഎയും ഭരണപ്രതിപക്ഷ പാർട്ടികളായതാണ് പ്രതിസന്ധിയിൽ ആവാൻ കാരണമെന്ന് പ്രദേശവസികൾ ചൂണ്ടിക്കാണിക്കുന്നു.